ഷാജു തുരുത്തന്റെ അസാന്നിധ്യത്തിൽ ഇന്നലെ അർധരാത്രിയോടെ കേരള കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാക്കളായ ടോബിൻ കെ അലക്സും, ബിജു പാലുപടവനും അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സംഭവത്തിൽ ചെയർമാന്റെ കുടുംബം ദുരൂഹത ആരോപിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തുരുത്തന് മേൽ കഴിഞ്ഞ ഒരാഴ്ച കാലമായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതും ഇവർ ഇരുവരുമാണ്. സംഭവത്തെക്കുറിച്ച് പാലാ എസ്എച്ച്ഒയോട് ഷാജു തുരുത്തന്റെ ഭാര്യയെയും നഗരസഭ മുൻ ചെയർപേഴ്സനുമായ ബെറ്റി ഷാജു ഫോണിലൂടെ പരാതി അറിയിച്ചു എന്നും രേഖാ മൂലം പരാതി നൽകുവാൻ പോലീസ് ആവശ്യപ്പെട്ടു എന്നുമാണ് പുറത്തുവരുന്ന സൂചന.
ഹൃദയസംബന്ധമായ അസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചെയർമാനെ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്ന നടപടികളാണ് ഇന്നലെയും കേരള കോൺഗ്രസ് കൗൺസിലർമാരും നേതാക്കളും തുടർന്നത്. ചെയർമാൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ഒഴിഞ്ഞു കിടന്ന അദ്ദേഹത്തിന്റെ ക്യാബിനിൽ ഇടതു കൗൺസിലർമാർ കൂട്ടമായി എത്തി അവിശ്വാസം രേഖപ്പെടുത്തുന്ന കത്ത് വായിക്കുകയും ഇത് റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ചെയർമാൻ പ്രത്യേകിച്ച് രോഗമൊന്നുമില്ലാഞ്ഞിട്ടും ആശുപത്രിയിൽ കയറി കിടക്കുകയാണ് എന്ന് പരസ്യമായി തന്നെ ഭരണകക്ഷി കൗൺസിലർമാർ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.
നിയോജകമണ്ഡലം പ്രസിഡന്റും, മണ്ഡലം പ്രസിഡണ്ടും അർദ്ധരാത്രിയിൽ അതിക്രമിച്ചു കയറിയത് എന്തിന്?
ടോബിൻ കെ അലക്സ് പാർട്ടിയുടെ പാലാ നിയോജകമണ്ഡലം പ്രസിഡണ്ടാണ്. ബിജു പാലുപ്പടവൻ മണ്ഡലം പ്രസിഡന്റും. ഷാജു തരുത്തനോ, ഭാര്യ ബെറ്റി ഷാജുവോ ഇന്നലെ വീട്ടിൽ ഇല്ലായിരുന്നുവെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടും അർദ്ധരാത്രിയിൽ ഇരു നേതാക്കളും തുരുത്തന്റെ വീട്ടിലെത്തിയിട്ടുണ്ട് എങ്കിൽ അതിൽ ദുരൂഹത ഉണ്ട് എന്ന് തന്നെ പറയേണ്ടിവരും.

















