കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്ക്പോര്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. സതീശൻ തൻറെ പ്രസംഗത്തിനിടെ പാർട്ടിക്ക് കൈവിട്ടുപോയ 60 മണ്ഡലങ്ങൾ തിരികെ പിടിക്കാൻ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് പരാമർശം നടത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാൻ സതീശൻ ആരെന്ന് എ പി അനില്‍കുമാർ ചോദിച്ചു. മറുപടിയായി തനിക്ക് അതിനുള്ള അവകാശമില്ലേ എന്ന് സതീശൻ മറുചോദ്യം ഉന്നയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തർക്കം രൂക്ഷമായപ്പോള്‍ കെസി വേണുഗോപാല്‍ ഇടപെട്ടു. പ്രസംഗം മുഴുപ്പിക്കാതെ വി ഡി സതീശൻ ഇരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ വസതി കോണ്‍ഗ്രസുകാർക്ക് അഭയകേന്ദ്രമല്ലാതായെന്നായിരുന്നു നേരത്തെ ഇങ്ങനെ അല്ലായിരുന്നു എന്നുമായിരുന്നു ശൂരനാട് രാജശേഖരന്‍റെ വിമർശനം. വയനാട്ടിലെ ഡി.സി.സി ട്രഷററുടെ ആത്മഹത്യയില്‍ കുടുംബത്തെ ആദ്യം തന്നെ ചേർത്ത് പിടിക്കണമായിരുന്നുവെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ പാർട്ടിക്ക് ഇത്രയും ക്ഷീണം ഉണ്ടാകുമായിരുന്നില്ലെന്നും ശൂരനാട് വിമര്‍ശിച്ചു. ശൂരനാട് രാജശേഖരൻ പ്രസ്താവന പിന്‍വലിക്കണമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് വിമര്‍ശനം ആരംഭിച്ചത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യൻ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച്‌ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനവും ഉയര്‍ന്നു.

യോജിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.ചർച്ചകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും പി വി അൻവറിന്‍റെ യുഡിഎഫ് പ്രവേശത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

തമ്മിലടി തുടർന്നാല്‍ ചുമതല ഒഴിയുമെന്ന് ദീപദാസ് മുൻഷിയും മുന്നറിയിപ്പ് നല്‍കി. ഐക്യത്തോടെ മുന്നോട്ട് പോയാലേ വിജയം ഉണ്ടാകു. ഇല്ലെങ്കില്‍ താൻ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. ഒടുവിൽ കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക