മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക് മാറുന്നു.മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ഉള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തും. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നരവരെ വിവിധ ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള അവസരവും ഒരുക്കും.

ദിവസേന ലഭിക്കുന്ന ഫയലുകളില്‍ ഭൂരിഭാഗവും അന്നുതന്നെ തീർപ്പാക്കാനാണ് ലക്ഷ്യം. കൂടുതല്‍ വിശദമായ പരിശോധനയോ ചർച്ചയോ ആവശ്യമായ 10 മുതല്‍ 15 ശതമാനം വരെ ഫയലുകള്‍ പ്രത്യേക പരിഗണനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സേവനം ഉറപ്പാക്കി പ്രധാന സർക്കാർ പദ്ധതികളുടെ പുരോഗതി നേരിട്ട് നിരീക്ഷിക്കുന്ന സംവിധാനവും ഒരുക്കും. ഇതിനായി പ്രത്യേക ഡാഷ്ബോർഡും വിവിധ വകുപ്പുകളെ ബന്ധിപ്പിക്കുന്ന സംവിധാനവും സജ്ജമാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വകുപ്പ് സെക്രട്ടറിമാർക്കും സ്‌പെഷ്യല്‍ സെക്രട്ടറിമാർക്കും ദിവസവും രാവിലെ 10 മുതല്‍ 11 വരെ മുഖ്യമന്ത്രിയെ കാണാൻ സമയം അനുവദിക്കും. ഇതിനായി മുൻദിവസം തന്നെ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതായിരിക്കും.

സെക്രട്ടേറിയറ്റിലും നിയമസഭയിലും പൊതുജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും തിരക്ക് വർധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ പ്രവർത്തനം ബാധിക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ തുടക്കകാലമായതിനാല്‍ ഇതുവരെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പരിഹാരമായി പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ സെക്രട്ടേറിയറ്റില്‍ പ്രവേശനം ക്രമീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്ത ശേഷമാകും കൈക്കൊള്ളുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക