കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ പെരുമഴക്കാലം വാഗ്‌ദാനം ചെയ്‌ത്‌ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ ‘വിസ്‌മയ ബജറ്റ്‌’ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തയാറെടുപ്പു തുടങ്ങി. ധനവകുപ്പിനെ ‘സമ്പന്നമാക്കാന്‍’ ലക്ഷ്യമിടുന്ന മുഖ്യമന്ത്രി, രഹസ്യകേന്ദ്രത്തില്‍ ഉന്നത ഉദ്യോഗസ്‌ഥരുമായി ചേര്‍ന്ന്‌ യുവതയെക്കൂടി ഉള്‍ക്കൊള്ളുന്ന ‘ജെന്‍ സി’ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അന്തിമരൂപം നല്‍കിത്തുടങ്ങി.

മികച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന വകുപ്പ്‌ സെക്രട്ടറിമാര്‍ക്കു പ്രത്യേക ‘മാര്‍ക്ക്‌’ നല്‍കും.ജനപ്രിയ പ്രഖ്യാപനങ്ങളോടെ, ‘പ്രത്യാശ’ മുഖമുദ്രയാക്കുന്ന ബജറ്റാണ്‌ അണിയറയില്‍ ഒരുങ്ങുന്നതെന്നാണു സൂചന. രാജ്യാന്തര ശ്രദ്ധ നേടിയ ധനകാര്യ വിദഗ്‌ധരുടെ വലിയൊരു സംഘം മുഖ്യമന്ത്രിക്കു പിന്തുണ നല്‍കുന്നുണ്ട്‌. അനാവശ്യ ചെലവുകളും ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ധൂര്‍ത്തും പൂര്‍ണമായും വെട്ടിക്കുറച്ച്‌ കേരളത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക്‌ നയിക്കാനുള്ള ദീര്‍ഘവീക്ഷണമാകും ബജറ്റായി നിയമസഭയ്‌ക്കു മുന്നിലെത്തുകയെന്നാണു സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ ഈ ബജറ്റില്‍ ഉണ്ടായേക്കില്ല. പെന്‍ഷന്‍ പ്രായം കൂട്ടുന്നതു ലക്ഷക്കണക്കിന്‌ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യതകളെ ബാധിക്കുമെന്ന മുന്നണിയുടെ നയത്തില്‍നിന്നു പിന്നോട്ടുപോകാന്‍ ഇടയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌. പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവന്നു വന്‍ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു ലഭിക്കുന്ന വിവരം.

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ കുടിശികയില്ലാതെ കൃത്യസമയത്തു ജനങ്ങളിലെത്തിക്കാനുള്ള പ്രത്യേക സാമ്പത്തിക സ്രോതസും ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്‌. പാവപ്പെട്ടവരുടെ പെന്‍ഷന്‍ വിതരണം ഒരു കാരണവശാലും മുടങ്ങില്ലെന്ന ഉറപ്പ്‌ ജനങ്ങള്‍ക്കു നല്‍കാനാണ്‌ സര്‍ക്കാരിന്റെ നീക്കം.കാര്‍ഷിക മേഖലയിലെ തകര്‍ച്ച പരിഹരിക്കാന്‍ വലിയ തുക നീക്കിവയ്‌ക്കും. കര്‍ഷകരെ കടക്കെണിയില്‍നിന്നു രക്ഷിക്കാന്‍ പ്രത്യേക പാക്കേജുകളും കുട്ടനാട്‌, വയനാട്‌, ഇടുക്കി മേഖലകള്‍ക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിക്കുമെന്നാണു വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക