കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അധികാരമേറ്റതിനുശേഷം സതീശന്‍ പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.
കേരളവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായും സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായവും പിന്തുണയും അഭ്യര്‍ത്ഥിച്ചതായും സതീശന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍, ഒരു കഥകളി പ്രതിമ മുഖ്യമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇതിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന സംരംഭങ്ങളും സംസ്ഥാനം നേരിടുന്ന വിവിധ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ ഔദ്യോഗിക സന്ദര്‍ശനം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
















