സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ആദ്യബഡ്ജറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിസ്മയവഴികള്‍ തുറക്കാൻ സാദ്ധ്യത. 19നാണ് ബഡ്ജറ്റ്. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ബഡ്ജറ്റില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് ധന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നു. ചെലവുകുറച്ച് മിച്ചം പിടിക്കുകയും ചെലവുകുറയ്ക്കാതെ ക്രയവിക്രയം കൂട്ടി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന വഴികളാണ് ബഡ്ജറ്റില്‍ പൊതുവേ സ്വീകരിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമാണ് വി.ഡി.സതീശന്റെ സമീപനം.
ധവളപത്രം പുറത്തിറക്കി പുതിയ നടപടികള്‍ക്ക് ജനപിന്തുണ ഉറപ്പാക്കും.നികുതി വർദ്ധനവിന് സാദ്ധ്യതയില്ല. നികുതി വരുമാനം കാര്യക്ഷമമാക്കി നിലവിലെ 86,000കോടിയില്‍ നിന്ന് ഒരുലക്ഷം കോടിയിലെത്തിക്കും. ഒന്നരലക്ഷം കോടിയുടെ സ്വർണവ്യാപാരം നടക്കുന്ന കേരളത്തിലെ സ്വർണനികുതി ചോർച്ച തടഞ്ഞ് വരുമാനം അഞ്ചിരട്ടിയോളം വർദ്ധിപ്പിക്കും. ശമ്പളപെൻഷൻപരിഷ്കരണവും സാമൂഹ്യക്ഷേമപദ്ധതികളും നിലനിറുത്തികൊണ്ട് തന്നെ ഭരണചെലവുകള്‍ പരിഷ്കരിച്ച് സാമ്പത്തിക അച്ചടക്കംപാലിക്കും.
കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കും
കേന്ദ്രവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കി പരമാവധി കേന്ദ്രപദ്ധതികള്‍ ക്രമീകരിച്ച് കൂടുതല്‍ കേന്ദ്രഗ്രാന്റും സഹായവും നേടിയെടുക്കും. കേന്ദ്രത്തിനെതിരായ സുപ്രീംകോടതിയിലെ കേസില്‍ നിന്ന് പിൻമാറിയേക്കും. അതുവഴി വായ്പാപരിധിയില്‍ ഇളവിന് ശ്രമിക്കും. കിഫ്ബി പരിഷ്കരിച്ച് വരുമാനമുള്ള പദ്ധതികളിലേക്ക് വഴിതിരിക്കും. ദീർഘകാലവരുമാനത്തിന് കൂടുതല്‍ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കും. ടൂറിസത്തിന് പുതിയ നിക്ഷേപപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. സമുദ്രമിഷൻ പോലുള്ള ദീർഘകാലപദ്ധതികള്‍ കൊണ്ടുവരും.
നികുതിചോർച്ച തടയാൻ ആനുകൂല്യം പ്രഖ്യാപിക്കും:
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന യന്ത്രസാമഗ്രികള്‍ അടക്കമുള്ളവയ്ക്ക് അവിടെ ഐ.ജി.എസ്.ടി ഈടാക്കുന്നുണ്ട്. അതിന്റെ വിഹിതം കേന്ദ്രത്തോട് ചോദിക്കാത്തതിനാല്‍ പലപ്പോഴും കിട്ടാതെപോകുന്നു. ഇവിടെ അതു കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിനെ അറിയിച്ചാല്‍ അവർക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാണ് നീക്കം.
മുൻപ് വി.എസ്.എസ്.സി ഹൈദരാബാദില്‍ നിന്ന് ലോഹടണല്‍ വാങ്ങിയത് സർക്കാരിനെ അറിയിച്ചിരുന്നു. അതിന്റെ നികുതി വിഹിതമായി 400 കോടിയാണ് ചോദിച്ചുവാങ്ങിയത്. ഇത്തരത്തില്‍ എല്ലാ സ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചാല്‍ 25,000കോടിയോളം രൂപയുടെ അധികവരുമാനം ഉണ്ടാകും.
ക്ഷേമബോർഡുകള്‍ സംയോജിപ്പിക്കും
ക്ഷേമബോർഡുകള്‍ സംയോജിപ്പിച്ച് ഭരണച്ചെലവ് കുറയ്ക്കും. രാഷ്ട്രീയക്കാരുടെ ലാവണമായ ബോർഡുകളില്‍ ചെയർമാൻതൊട്ട് താഴോട്ടുള്ള സർവസംവിധാനവും നിലനിറുത്താൻ കോടികളാണ് ചെലവാകുന്നത്. ഇക്കാര്യത്തില്‍ സമ്മർദ്ദത്തിന് വഴങ്ങാതെ കർശന നിലപാടെടുക്കും.
കേന്ദ്ര വിഹിതത്തിൽ 20,000കോടി നഷ്ടം:
അധികാരത്തില്‍ നിന്ന് ഇറങ്ങിപോകുന്നതിന് മുമ്പ് ഇടതുസർക്കാർ അവതരിപ്പിച്ച ബഡ്ജറ്റില്‍ ധനകാര്യകമ്മിഷന്റെ വിഹിതമായി 14,000കോടിയും നികുതി വിഹിതത്തില്‍ 42,000കോടിയും അധികവരുമാനം 2026- 27 സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ധനകാര്യകമ്മിഷൻ വിഹിതം 14,000കോടി കിട്ടിയില്ല. നികുതി വിഹിതം 42,000കോടിയില്‍ നിന്ന് 36,555കോടിയായി കുറയുകയും ചെയ്തു. നഷ്ടം 20,000കോടി.
വരാനിരിക്കുന്ന വമ്പൻ ചെലവുകൾ:
- ശമ്പളപെൻഷൻ പരിഷ്കരണം
- ക്ഷേമപെൻഷൻ 3,000രൂപയാക്കി വർദ്ധിപ്പിക്കൽ
- വനിതകള്‍ക്ക് സൗജന്യബസ് യാത്ര
- 5ലക്ഷം പലിശരഹിത ബിസിനസ് വായ്പ
- കോളേജ് വിദ്യാർത്ഥിനികള്‍ക്ക് 1,000രൂപ സഹായം
- ഉമ്മൻചാണ്ടി ആരോഗ്യഇൻഷ്വറൻസ്

















