ഇറാഖില്‍വച്ച് തനിക്കുനേരേ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മൂന്നു വർഷം മുമ്ബാണ് സംഭവമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.തന്റെ ആത്മകഥയിലാണ് ഇറാഖില്‍വെച്ചുണ്ടായ വധശ്രമത്തെ കുറിച്ച് മാർപാപ്പ വെളിപ്പെടുത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയൻ ദിനപത്രം പുറത്തുവിട്ടതിലാണ് വധശ്രമത്തെ കുറിച്ച് പറയുന്നത്.
2021 മാർച്ചില്‍ മൊസൂള്‍ സന്ദർശിക്കുന്നതിനിടെയാണ് തനിക്കുനേരേ വധശ്രമമുണ്ടയതെന്നാണ് മാർപാപ്പയുടെ വെളിപ്പെടുത്തല്‍. ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നല്‍കി. ഇറാഖി പൊലീസ് ചാവേറിനെ തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും മാർപാപ്പ വെളിപ്പെടുത്തി.
2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14നാണ് മാർപാപ്പയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. എണ്‍പതിലേറെ രാജ്യങ്ങളില്‍ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം പറയുന്നത്. മാർപാപ്പയുടെ 88-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രസിദ്ധീകരണം.

















