നേരത്തെ വിവാദത്തിലായ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ നവംബർ 3ന് പ്രകാശനം ചെയ്യും. കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുക. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
നേരത്തെ ഡിസി ബുക്സ് ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പേരില്‍ ഇപിയുടെ ആത്മകഥ പുറത്തിറക്കാൻ ശ്രമിക്കുകയും, അതിലെ ചില ഭാഗങ്ങള്‍ വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പുസ്തകം തൻ്റെ അനുമതിയോടെയല്ല പ്രസിദ്ധീകരിക്കാൻ ശ്രമിച്ചതെന്നും അതില്‍ വന്ന ഭാഗങ്ങള്‍ താൻ എഴുതിയതല്ലെന്നും ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നു. വിവാദത്തെക്കുറിച്ച് ആമുഖത്തില്‍ ജയരാജൻ വിശദീകരിക്കുന്നുണ്ട്.
സരിൻ, രണ്ടാം പിണറായി സർക്കാർ എന്നിവയെ കുറിച്ചുള്ള വിവാദ പരാമർശങ്ങള്‍ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച എന്നിവ പുസ്തകത്തിലില്ല.’കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരില്‍ പുറത്തു വന്നുവെന്ന് പറയപ്പെടുന്ന ഉള്ളടക്കങ്ങളില്‍, രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ഉള്ളടക്കം തൻ്റേതല്ലെന്നും, തൻ്റെ ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് സമയത്ത് വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിച്ചതാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചിരുന്നു.

















