ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ടെഹ്റാന്‍ പ്രതികാര ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ ‘ഹെറാള്‍ഡ് ഓഫ് വിക്ടറി’ യുടെ ഭാഗമായാണ് ഇറാന്റെ ആക്രമണം നടന്നിരിക്കുന്നത്. ബഹ്റൈനിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും ഏത് നിമിഷവും ആക്രമണം നടക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഖത്തറിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഒരു പരിക്കും ഏല്‍ക്കില്ലെന്നും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും വ്യക്തമാക്കിയ ഇറാന്‍, അമേരിക്കന്‍ താവളങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രമായ അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ഇറാന്‍ പ്രധാനമായും ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അനവധി സൈനികര്‍ ഖത്തറിലെ താവളത്തില്‍ മാത്രം അമേരിക്കയ്ക്കുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് ഏകദേശം 8,000 അമേരിക്കന്‍ സൈനികരാണ് ഖത്തറിലെ ഈ തന്ത്ര പ്രധാനമായ താവളത്തിലുള്ളത്. ഈ മേഖലയിലെ എല്ലാ വ്യോമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനവും ഇവിടെയാണ്. ചില ബ്രിട്ടീഷ് സൈനികരും അവിടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
ആക്രമണത്തില്‍ ആരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും, ആക്രമണത്തിന് മുമ്ബ് താവളം ഒഴിപ്പിച്ചിരുന്നതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് മറ്റ് സ്ഥിരീകരണം പക്ഷേ പുറത്ത് വന്നിട്ടില്ല. എത്ര മിസൈലുകള്‍ ബേസില്‍ പതിച്ചു അല്ലെങ്കില്‍ ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഈ ആക്രമണം ആദ്യം ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും പിന്നീട് ഇറാന്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിയന്‍ സൈന്യത്തിന്റെ ഏറ്റവും ശക്തമായ വിഭാഗമായ ഐആര്‍ജിസിയില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍, ‘ഇറാന്‍ തങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള ഒരു ആക്രമണത്തിനും ഉത്തരം നല്‍കാതെ വിടില്ലെന്നാണ്’ വ്യക്തമാക്കിയിരിക്കുന്നത്. ‘ഈ മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ശക്തികളല്ല, മറിച്ച് ദുര്‍ബലതകളാണ്’എന്നും ഇറാന്‍ പരിഹസിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇറാന്‍ പ്രതിരോധ മന്ത്രിയുടെ ചര്‍ച്ച പൂര്‍ത്തിയായ ശേഷമാണ് ഇറാന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചതെന്നതും ശ്രദ്ധേയമാണ്. ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ ഇറാന് നല്‍കാന്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാണെന്നാണ് റഷ്യന്‍ ഉന്നതര്‍ വ്യക്തമാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളും ഇറാന്റെ ആക്രമണ ഭീഷണിയിലാണുള്ളത്. ഈ കപ്പലുകള്‍ മുക്കുമെന്ന് ഹൂതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഹാന്‍ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണമാണ് മേഖലയിലെ അവരുടെ അരലക്ഷത്തോളം വരുന്ന സൈനികരുടെ ജീവനു തന്നെ ഭീഷണിയായിരിക്കുന്നത്.

















