തോട്ടംതൊഴിലാളിയുടെ മകനായി ജനിച്ച ആല്‍ബിന്റെ ബാല്യം ദുരിതംനിറഞ്ഞതായിരുന്നു. എന്നാല്‍, സ്വന്തം പ്രയത്നത്താല്‍ ഇന്ന് അഞ്ചുകോടി രൂപ വിറ്റുവരവുള്ള കമ്ബനിയുടെ ഉടമയായി അദ്ദേഹം മാറി.പീരുമേട്ടിലെ സർക്കാർ സ്കൂളില്‍നിന്ന് തട്ടിമുട്ടിയാണ് പ്ലസ് ടു ജയിച്ചത്. പഴയ പാമ്ബനാർ തോട്ടത്തിലെ ലയത്തിലാണ് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചത്.

പിതാവ് ആന്റണിയുടെ മരണശേഷം അമ്മ ലൂർദ് മേരി തോട്ടംപണിക്കുപോയി ജീവിതച്ചെലവിനുള്ള പണം കണ്ടെത്തി. തോട്ടം പൂട്ടിയതോടെ ഈ വരുമാനവും നിലച്ചു. ഇതോടെ ലൂർദ് മേരി കൊച്ചിയിലെ മഠത്തില്‍ പാചകജോലിക്ക് പോയി. ഒപ്പം ആല്‍ബിനും കൊച്ചിയിലെത്തി.അന്ന് ആല്‍ബിന് 18 വയസ്സ്. വി-ഗാർഡില്‍ ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചു. 100 രൂപയായിരുന്നു ദിവസവേതനം. തുടർന്ന് ഓഫീസ് ബോയിയായി സ്ഥാനക്കയറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതാണ് ആല്‍ബിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കമ്ബനി പുതിയ ഉത്പന്നത്തിന്റെ കവർ രൂപകല്‍പ്പന ചെയ്തുവരുകയായിരുന്നു. പല കമ്ബനികളും ഡിസൈൻ നല്‍കിയെങ്കിലും അവർക്ക് യോജിച്ചത് കിട്ടിയില്ല. ഇതോടെ ആല്‍ബിൻ ഈ ജോലി ഏറ്റെടുത്തു. രാത്രിയില്‍ ഓഫീസിലെ കംപ്യൂട്ടർ ഉപയോഗിച്ചായിരുന്നു ജോലി. ഡിസൈൻ കമ്ബനിക്ക് ഏറെ ഇഷ്ടമായി. തുടർന്ന് കമ്ബനിതന്നെ ആല്‍ബിനെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷൻ പഠിപ്പിച്ചു. കമ്ബനിയുടെ സ്വന്തം ഡിസൈനറാക്കി.

തുടർന്ന് ബഹുരാഷ്ട്രസ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങില്‍ ജോലി കിട്ടി. ഡിസൈൻ വിഭാഗം മേധാവിയായിരിക്കെ, അത് രാജിവെച്ച്‌ സ്വന്തം കമ്ബനി തുടങ്ങി. സി.എൻ.എം.ഗ്ലോബല്‍ ഇന്നവേഷൻ എന്ന പേരില്‍ ആരംഭിച്ച കമ്ബനിയാണ് ഇപ്പോള്‍ അഞ്ചുകോടി രൂപയുടെ വിറ്റുവരവ് നേടിയിരിക്കുന്നത്.

നാല് ജീവനക്കാരുമായി കൊച്ചിയിലെ വാടകവീട്ടിലായിരുന്നു ആദ്യം ഓഫീസ്. അന്ന് ഒട്ടേറെ പ്രശ്നങ്ങളും നേരിട്ടു. വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാതെവന്നു. ബാങ്ക് ജപ്തി നടപടികളുമായി എത്തി. എന്നാല്‍, പിന്നീട് അന്താരാഷ്ട്ര കമ്ബനികള്‍ ആല്‍ബിന്റെ ഡിസൈനിനായി കാത്തുനിന്നു.

ഇന്ന് 45 ജോലിക്കാരുണ്ട്. ബെംഗളൂരുവിലും ചെന്നൈയിലും ഓഫീസ് തുറക്കുക, 100 പേർക്കെങ്കിലും തൊഴില്‍ നല്‍കുക എന്നതാണ് അടുത്ത സ്വപ്നമെന്ന് ആല്‍ബിൻ പറയുന്നു. ഭാര്യ മേഴ്സി അനു കമ്ബനിയുടെ ചീഫ് ഫിനാൻസ് ഓഫീസറാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക