തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് അതിരില്ലാത്ത ആനന്ദമെന്ന് പഠന റിപ്പോർട്ട്. വിവാഹിതരോ സ്ഥിരമായി പങ്കാളികളുള്ളവരോ ആയ സ്ത്രീകളെക്കാള്‍ തനിച്ചു ജീവിക്കന്ന സ്ത്രീകളാണ് സംതൃപ്തരെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയൻസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങള്‍ എന്നിവയിലെല്ലാം അവിവാഹിതരായ സ്ത്രീകള്‍ ഉയർന്ന തോതില്‍ സംതൃപ്തി അനുഭവിക്കുന്നുണ്ട് എന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം അവിവാഹിതരായ പുരുഷൻമാരേക്കാള്‍ സ്ത്രീകള്‍ക്ക് ഒരു പ്രണയബന്ധത്തിലാകാനുള്ള ആഗ്രഹം കുറവാണെന്നും പഠനം വിലയിരുത്തുന്നു. പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിഗണിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്.
സിംഗിള്‍ഹുഡ് ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കപ്പെടാത്തതിനെ കുറിച്ചും പഠനത്തില്‍ പരാമർശമുണ്ട്. 18നും 75നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. 2020നും 2023നും ഇടയില്‍ നടത്തിയ പത്ത് പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഗവേഷകർ പുതിയ പഠനത്തിനായി ശേഖരിച്ചു. ഡേറ്റ കളക്ഷന്റെ സമയത്ത് പ്രണയ ബന്ധങ്ങളില്‍ അല്ലാതിരുന്ന 5491 പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്.

















