കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്‍ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചിറക്കരയിലെ ഇൻഡക്സ് ഗ്രൂപ്പിന്‍റെ കാർ ഷോറൂമില്‍ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധന നടത്തിയ പൊലീസിന് കാറുകള്‍ക്ക് തീപിടിച്ചതല്ല, മനപൂര്‍വം ആരോ തീയിട്ടതാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് തലശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പുലർച്ചെ 3.40ന് ഒരാള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ ദ്രാവകമൊഴിച്ച്‌ തീയിടുന്നതിന്‍റെ അവ്യക്തമായ ദൃശ്യങ്ങള്‍ കിട്ടി. സ്ഥാപനത്തിലെ ജീവനക്കാരനായ സജീറിലാണ് അന്വേഷണം ചെന്നെത്തിയത്. രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീല്‍ഡ് എക്സിക്യുട്ടീവാണ് സജീര്‍. പിടിയിലായ സജീർ കുറ്റം സമ്മതിച്ചു.

തീയിട്ടതിന്‍റെ കാരണം വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയ പണം ഷോറൂമില്‍ അടക്കാതെയും വ്യാജ രസീത് നല്‍കിയും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തി. സംഭവത്തില്‍ പരാതി വരുമെന്നായപ്പോള്‍ പ്രതി കണ്ട വഴിയാണ് തീയിടല്‍. പുത്തൻ കാറുകള്‍ കത്തിച്ചാല്‍, മുഴുവൻ ശ്രദ്ധ അതിലാകുമെന്നും ഉടൻ പിടിക്കപ്പെടില്ലെന്നും കരുതി സജീറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക