എന്താണ് വിവാദമായ ഈ മെക് സെവൻ കൂട്ടായ്മ. ആരൊക്കെയാണ് ഈ കൂട്ടായ്മയുടെ ഭാഗം. ഇന്ത്യൻ പാരാമിലിറ്ററി സർവീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മള്‍ട്ടി എക്സർസൈസ് കോമ്ബിനേഷൻ.സ്വന്തം നാട്ടുകാരുടെ ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരം എന്ന നിലയില്‍ വ്യായാമ മുറകള്‍ക്കായി സലാഹുദ്ദീൻ നാട്ടില്‍ 2012 ലാണ് മെക് സെവൻ തുടങ്ങുന്നത്.
2022 മുതല്‍ പുതിയ ശാഖകള്‍ ആരംഭിച്ച മെക് 7 മലബാറില്‍ രണ്ട് വർഷത്തിനുള്ളില്‍ ആയിരത്തോളം യൂണിറ്റുകളായി വളർന്നു.ശരീരത്തിനും മനസ്സിനും നവയൗവനം നല്‍കുക’ എന്ന മെക് 7 പ്രമേയം എല്ലാ പ്രായക്കാർക്കിടയിലും പ്രചാരം നേടി. എയ്‌റോബിക്‌സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകള്‍ ഉള്‍ക്കൊള്ളുന്നതാണ് മെക് സെവൻ.
ഓരോ ക്ലബ് അംഗവും താൻ പരിശീലിക്കുന്നത് കുടുംബാംഗങ്ങളെയും പരിശീലിപ്പിക്കണം, പക്ഷാഘാതം വന്ന രോഗികളെ സന്ദർശിക്കുകയും രോഗികളെക്കൊണ്ട് കഴിയുന്ന വ്യായാമം ചെയ്യിപ്പിക്കണം തുടങ്ങി നിരവധി നിര്ദേശങ്ങള്‍ കൂട്ടായ്മയിൽ നല്കുന്നു. 60 വയസ്സിന് മുകളിലുള്ളവരാണ് കൂട്ടായ്മയില്‍ പ്രധാനമായുള്ളത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലീഡറും, ട്രെയിനർമാരായി സ്ത്രീകള്‍ തന്നെയുള്ള വനിതാ യൂണിറ്റുകളും പിന്നാലെ നിലവില്‍ വന്നു. യുഎഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്കും മെക് – 7 വളർന്നു. വിവാദങ്ങള്‍ ഉയര്ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളുകളുണ്ടെന്ന വാദം പൂർണമായും നിഷേധിക്കുകയാണ് മെക് 7 അധികൃതർ.

















