സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളന പ്രതിനിധികള്‍ ഉയർത്തിയ വിമർശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേർന്നപ്പോള്‍ വർഗീയ പരസ്യം നല്‍കിയത് എന്തിനാണെന്നും പ്രതിനിധികളില്‍ നിന്ന് ചോദ്യം ഉയർന്നു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ രാജ്യസഭ എം.പി എ.എ റഹീമിനും എതിരെ സമ്മേളനത്തില്‍ വിമർശനം ഉയർന്നു.

ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയത് ആന മണ്ടത്തരമാണെന്നും എ.എ റഹീമിന്‍റെ രാജ്യസഭയിലെ പ്രകടനം പരിതാപകരമെന്നും വിമർശനം ഉയർന്നു. അക്ഷരാർത്ഥത്തില്‍ സി.പി.എം നേതൃത്വത്തെ സമ്മേളനത്തില്‍ നിർത്തിപൊരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് സ്റ്റേഷനില്‍ പോയാല്‍ സി.പി.എമ്മുകാരെ ആട്ടിയോടിക്കുകയാണ്. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവർത്തകർക്കുമുള്ള പരിഗണന പോലും സി.പി.എം പ്രവർത്തകർക്ക് കിട്ടുന്നില്ലെന്നുമാണ് വിമർശനം. വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണം. നേതാക്കള്‍ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സാധാരണ പ്രവർത്തകർ എങ്ങനെ ജീവിക്കുന്നുവെന്നു പോലും പാർട്ടി അറിയുന്നില്ല. സാധാരണ പ്രവർത്തകരെ നേതൃത്വം തീർത്തും അവഗണിക്കുന്നു. താഴെത്തട്ടില്‍ പ്രവർത്തിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാൻ നേതൃത്വം ശ്രമിക്കുന്നില്ല. നേതൃത്വം മുതലാളിമാരും പ്രവർത്തകർ തൊഴിലാളികളുമെന്ന മട്ടിലുള്ള വേർതിരിവാണ് പാർട്ടിയിലുള്ളത്. ആവശ്യങ്ങളുമായി പാർട്ടി ഓഫിസിലെത്തുന്ന പ്രവർത്തകർക്കു മുന്നില്‍ നേതൃത്വം മുഖം തിരിക്കുകയാണ്. നിർധനരെ പോലും പാർട്ടി പ്രസിദ്ധീകരണങ്ങളില്‍ വരിക്കാരാകാൻ നിർബന്ധിക്കുന്നു.

പാർട്ടി സർക്കുലർ നടപ്പാക്കാൻ സമ്മർദമാണ് ഉയരുന്നതെന്നും നിരന്തരം പണപ്പിരിവ് അടിച്ചേല്‍പിക്കുന്നതായും ആക്ഷേപമുയർന്നു. പാർട്ടി പ്രവർത്തനത്തിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാർ ഉള്‍പ്പെടെ പലരും സാമ്ബത്തിക ബാധ്യതയിലേക്ക് വീഴുന്ന സ്ഥിതിയാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സെക്രട്ടറിയാകാൻ പ്രവർത്തകർ മടിക്കുന്നുവെന്ന വിമർശനവും ഉയർന്നു.

മുഹമ്മദ് റിയാസ് മികച്ച പ്രവർത്തകനും മന്ത്രിയുമാണെങ്കിലും മുഖ്യമന്ത്രിയുടെ മരുമകനെന്ന ലേബലിലാണ് നില്‍ക്കുന്നതെന്നും അത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിർത്തി മന്ത്രിസഭ രൂപവത്കരിച്ചത് മണ്ടൻ തീരുമാനമായെന്നും പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിക്കടക്കം വിമർശനം നേരിടേണ്ടിവന്നു. പൊതുമണ്ഡലത്തില്‍ എം.വി. ഗോവിന്ദനെടുക്കുന്ന കാർക്കശ്യ നിലപാടുകള്‍ സംസ്ഥാന സെക്രട്ടറിക്ക് യോജിച്ചതല്ലെന്ന വിമർശനമാണ് ഉയർന്നത്.

ചാനല്‍ ചർച്ചയില്‍ ഒരു വകതിരിവുമില്ലാത്തവരെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. അതിന് മാറ്റമുണ്ടാകണമെന്നും ആവശ്യമുയർന്നു. കരുനാഗപ്പള്ളി വിഭാഗീയ പ്രശ്നങ്ങള്‍ പാർട്ടിക്ക് മുഴുവൻ അവമതിപ്പുണ്ടാക്കിയതായും ലോക്സഭ തെരഞ്ഞെടുപ്പില്‍ എം. മുകേഷിന്‍റെ സ്ഥാനാർഥിത്വം മണ്ടത്തരമായിരുന്നെന്നും പ്രതിനിധികള്‍ ആവർത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക