FlashKeralaKottayamNewsPolitics

മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ 22 ആം തീയതി മരണമടഞ്ഞ പാർട്ടി നേതാവിന്റെ പേരും; വിശദാംശങ്ങൾ വായിക്കാം

കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ആയി നിയമിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നേതാക്കളുടെ പെട്ടി ചുമക്കുന്നവർക്ക് മാത്രമാണ് കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ലഭിക്കുക എന്ന ആക്ഷേപം ഊട്ടിയുറപ്പിക്കുന്നതായിരുന്നു.

എന്നാൽ ഇതിനെല്ലാം അപ്പുറം അപലപനീയമാണ് പാർട്ടി പുനഃസംഘടനയുടെ നടപടിക്രമങ്ങൾ എന്ന് തെളിയിക്കുന്നതാണ് ഇന്ന് കോട്ടയം ഡിസിസി അധ്യക്ഷന്റെ ലെറ്റർ പാഡിൽ പുറത്തിറക്കിയ പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹി പട്ടിക. ഡിസംബർ 12ന് പുറത്തിറങ്ങിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭാരവാഹികളിൽ നവംബർ 22ന് മരണമടഞ്ഞ പാർട്ടി നേതാവ് അഡ്വക്കേറ്റ് ഷൈജു സി ഫിലിപ്പിന്റെ പേരും ഉണ്ട്. പട്ടിക പുറത്തിറക്കിയ ഡിസിസി നേതാക്കളെല്ലാം തന്നെ ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ ആദ്യാവസാനം പങ്കെടുത്തവരും മരണത്തിൽ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തിയവരും ആണ് എന്നുള്ളതാണ് ഏറ്റവും ദുഃഖകരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു തുടർ പരാജയങ്ങളിൽ നിന്നും പാർട്ടി പാഠങ്ങൾ പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ സംഭവം. 2021ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേനെ കോൺഗ്രസും യുഡിഎഫും പിടിച്ചുനിന്ന ഒരു ജില്ലയാണ് കോട്ടയം. ജില്ലയിൽ ആകെയുള്ള ഒമ്പത് സീറ്റുകളിൽ യുഡിഎഫ് നാലെണ്ണവും കോൺഗ്രസ് ഒറ്റയ്ക്ക് രണ്ടെണ്ണവും നേടിയിരുന്നു. 2026ലെ പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള സീറ്റുകൾ നിലനിർത്തുകയും രണ്ടു സീറ്റ് എങ്കിലും അധികം പിടിക്കുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നിടത്താണ് ഇത്രയും അപലപനീയമായ ഒരു പുനസംഘടന നടന്നത് എന്നത് ഏറെ ഗൗരവകരമാണ്.

ഡിസിസി പുനസംഘടനയുടെ സ്ഥിതിയും ഏറെ ശോചനീയമാണ്. ജില്ലയിൽ പുതിയ ഡിസിസി അധ്യക്ഷൻ ചുമതലയേറ്റ് മൂന്നുവർഷം പൂർത്തിയാക്കിയിട്ടും ഭാരവാഹികളെ നിയമിച്ചു കൊടുക്കുവാൻ കെപിസിസിക്ക് ഇതുവരെ സാധിച്ചിട്ടില്ല. തങ്ങൾ നാളെ മാറാനുള്ള സാധ്യത മുന്നിൽക്കണ്ട് ഡിസിസി അധ്യക്ഷൻ പദവിയേറ്റ അന്നുമുതൽ പണിയെടുക്കാതിരിക്കുന്ന ഭാരവാഹികൾ ഒരു വശത്തും, പുതിയ ജില്ലാ കമ്മിറ്റി വരുമ്പോൾ സ്ഥാനം കിട്ടുകയാണെങ്കിൽ പ്രവർത്തിക്കാം എന്ന് കരുതി വിശ്രമിക്കുന്ന സ്ഥാനമോഹികൾ മറുവശത്തും എന്നതാണ് ജില്ലാ കമ്മിറ്റിയുടെ സ്ഥിതി. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല മണ്ഡലം പ്രസിഡണ്ടുമാരെ ആ ഒരൊറ്റ കാരണം കൊണ്ട് പുനഃസംഘടനയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി നീക്കം ചെയ്ത സംഭവങ്ങളും ജില്ലയിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്.

ഇന്നലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം വന്നപ്പോഴും കോൺഗ്രസിന് തങ്ങളുടെ ശക്തി കേന്ദ്രത്തിൽ കനത്ത തിരിച്ചടി ഏറ്റിരുന്നു. കോൺഗ്രസിൻറെ കുത്തക പഞ്ചായത്തായ അതിരമ്പുഴ പഞ്ചായത്തിൽ പാർട്ടിയുടെ കുത്തക സീറ്റിൽ 250ലധികം വോട്ടുകൾക്കാണ് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവിനോട് തോൽവി ഏറ്റുവാങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് ജില്ലയിലെ പ്രധാന നേതാവ് മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ തിരിച്ചടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക