ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കില്‍നിന്ന് കാർ മോഷണം പോയത്. കടയ്ക്കലില്‍ വർക്ക്ഷോപ്പിനു മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ഇളക്കിയ നമ്ബർ പ്ലേറ്റ് മോഷ്ടിച്ച കാറില്‍ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറില്‍ എത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവർന്ന 400 കിലോയിലധികം റബ്ബർഷീറ്റ് പൊൻകുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്നേഹിതയെ കാണാൻ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച്‌ അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കാർ ഉപേക്ഷിച്ച്‌ ബസില്‍ തിരുവനന്തപുരത്തേക്കു പോയി. മോട്ടോർ സൈക്കിളില്‍ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.

ഒട്ടേറെ ഇടങ്ങളില്‍ സമാനമായി ഇയാള്‍ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ല്‍ കല്ലമ്ബലത്ത് കാർ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിൻ കഴിഞ്ഞ ജൂലായിലാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്.ഓഗസ്റ്റില്‍ നെടുമങ്ങാട്ടുനിന്ന് കാർ മോഷ്ടിച്ചതായും പാലക്കാട് കുഴല്‍മന്ദം തേങ്കുറിശ്ശിയില്‍ പെയിന്റുകടയില്‍ മോഷണം നടത്തിയതായും പോലീസ് പറഞ്ഞു. സെപ്റ്റംബറില്‍ ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂം, കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂം എന്നിവിടങ്ങളില്‍നിന്ന് കാറും ഷൊർണൂരില്‍ വാഹന ഷോറൂമില്‍നിന്നു പിക്കപ്പ് വാനും പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ഇതുള്‍പ്പെടെ പ്രതി ഉള്‍പ്പെട്ട എട്ട് മോഷണക്കേസുകള്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളില്‍ വലയിലാക്കിയത്. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തില്‍, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, രജനീഷ്, വാസുദേവൻ, രാജൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എൻ.രാജേഷ്, ശ്യാം കൃഷ്ണൻ, അരുണ്‍ മോഹൻ, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക