ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അതിരമ്ബുഴ പഞ്ചായത്ത് വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് നേടിയിരുന്നു. മാണി വിഭാഗത്തിന്‍റെ ശക്തിമേഖലയിലും യുഡിഎഫിന് അന്നു നേട്ടമുണ്ടാക്കാനായി.
22 അംഗ പഞ്ചായത്തില്‍ 15 സീറ്റുകള്‍ (കോണ്‍ഗ്രസ് 10, കേരള കോണ്‍ഗ്രസ് ജോസഫ് 5) യുഡിഎഫ് നേടിയിരുന്നു. സ്വതന്ത്രന്‍റെ പിന്തുണയും യുഡിഎഫിനുണ്ട്. ഇവിടെ വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധി വിദേശത്തു പോയതിലും വാര്‍ഡിനെ അവഗണിച്ചതിലുമുള്ള ജനവികാരം ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായി. റോഡുകളുടെ ശോച്യാവസ്ഥയും ജനപ്രതിനിധി നാട്ടില്ലാതെ വന്ന സാഹചര്യവും പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും വീഴ്ചയുണ്ടായി.
യുഡിഎഫിന് മേല്‍കൈയുള്ള വാര്‍ഡില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും മാണി വിഭാഗം സ്ഥാനാര്‍ഥി 216 വോട്ടുകളുടെ വിജയമാണ് നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 62 ശതമാനം മാത്രമായിരുന്നു പോളിംഗ്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസിന് നിർണായക സ്വാധീനവും മേൽക്കൈയുമുള്ള പഞ്ചായത്തിൽ സംഭവിച്ച കനത്ത പരാജയം പാർട്ടിക്ക് വലിയ ആഘാതമാണ്.
കനത്ത തോൽവി ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ
അടുത്ത തവണ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് മത്സരിക്കും എന്ന പ്രചരണങ്ങൾ സജീവമായിരിക്കെ ശക്തി കേന്ദ്രത്തിൽ ഉണ്ടായ കനത്ത പരാജയം പാർട്ടിയുടെ ജില്ലാ നേതൃത്വത്തെ അടക്കം പ്രതിരോധത്തിൽ ആക്കും. ജില്ലയിലെ പ്രമുഖ നേതാവ് ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൃത്യമായ മുന്നൊരുക്കങ്ങളും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തോടാണ് തോൽവി എന്നത് രാഷ്ട്രീയ പരാജയത്തിന് അപ്പുറം വലിയ നാണക്കേട് കൂടിയാണ് കോൺഗ്രസിന് ഉണ്ടാക്കുന്നത്