മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഖാഡിയിലെ നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, സതേജ് പാട്ടീൽ, ശിവസേനാ ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി, എൻസിപി ശരദ് പവാർ പക്ഷം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരാണ് കൂടിക്കാഴ്‌ച നടത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ശിവസേനാ ഷിൻഡെ പക്ഷം,എൻസിപി അജിത് പവാർ പക്ഷം എന്നിവരടങ്ങിയ മഹായുതി സഖ്യം നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച്‌ച. എന്നാൽ എതാനും എക്സിറ്റ് പോൾ ഫലങ്ങൾ മഹാവികാസ് അഖാഡി സഖ്യത്തിനും മുൻതൂക്കം പ്രവചിക്കുന്നു. 288 അംഗം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ശനിയാഴ്ച പുറത്തുവരും.
2019ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ശിവസേന, എൻസിപി കോൺഗ്രസ് എന്നീ പാർട്ടികൾ സഖ്യം രൂപീകരിച്ചാണ് ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തിയത്. അന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നത് ബിജെപിയായിരുന്നു. പതിറ്റാണ്ടുകളായുള്ള ബിജെപി സഖ്യം ഉപേക്ഷിച്ചാണ് ശിവസേന കോൺഗ്രസിനോടും എൻസിപിയോടും ഒപ്പം നിന്നതും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത്. എന്നാൽ പിന്നീട് നാടകീയ നീക്കങ്ങളിലൂടെ ഏകനാഥ് ഷിൻഡയുടെ നേതൃത്വത്തിൽ എൻസിപിഎ പിളർത്തി ബിജെപി സഖ്യം അധികാരം പിടിക്കുകയായിരുന്നു. അധികാരത്തിലിരിക്കെ തന്നെ അജിത്ത് പവാറിനെ മുന്നിൽ നിർത്തി ശിവസേനയിലും ഇവർ പിളർപ്പുണ്ടാക്കി.

















