പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയില്‍. ഇന്ന് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ മോദിയേയും കാണും. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങി അതിപ്രധാനമായ വിഷയങ്ങള്‍ ഇരുവരുമായുള്ള ചർച്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.
വയനാടിന് സഹായം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍നിന്നും അനുവദിച്ചത്. 2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രമാണ് ഇപ്പോള്‍ അനുവദിച്ച തുക. ദുരന്തമുണ്ടായി 14 മാസത്തിന് ശേഷമാണ് പ്രത്യേക ധനസഹായമായി തുക അനുവദിച്ചത്.
നേരത്തെ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്ക് വായ്പയായി 529.50 കോടി രൂപയും അനുവദിച്ചിരുന്നു. ജൂലൈയില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ക്ക് 153 കോടിയും അനുവദിച്ചു. അതേസമയം, ഉത്തരാഖണ്ഡിന് 1658.17 കോടിയും, ഹിമാചല്‍ പ്രദേശിന് 2006.40 കോടിയും നേരത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 2022 ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടും വയനാട് ദുരന്ത ബാധിതരെ അവഗണിക്കുകയാണെന്ന വിമർശനം കേരള സർക്കാറും, പ്രതിപക്ഷവും ആവർത്തിക്കുമ്ബോഴാണ് കേന്ദ്രത്തിന്റെ നടപടി.

















