സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികള്‍ക്കും 55 വനിതകള്‍ക്കും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉള്‍പ്പെടെ 883 പേരാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റ് നേടിയ എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് വോട്ട് വിഹിതത്തില്‍ കാര്യമായി നേട്ടമുണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇൻഡക്സ് കാർഡ് പ്രകാരമുള്ള കണക്കുകള്‍ പറയുന്നു.

അവരുടെ മത്സരിച്ച 140 സ്ഥാനാർഥികളില്‍ 99 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. ഇതില്‍ 59ഉം ബി.ജെ.പി സ്ഥാനാർഥികളാണ്. 98 പേരാണ് ബി.ജെ.പിയുടെ താമര ചിഹ്നത്തില്‍ ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. മറ്റൊരു സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് മത്സരിച്ച 22 സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. ആകെ 1.35 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പില്‍ വൻ മുന്നേറ്റം പ്രതീക്ഷിച്ച്‌ അടുത്തിടെ എൻ.ഡി.എയില്‍ എത്തിയ ട്വന്റി ട്വന്റിക്കും കനത്ത തിരിച്ചടിയാണുണ്ടായത്. 19 സീറ്റില്‍ മത്സരിച്ച പാർട്ടി സ്ഥാനാർഥികളില്‍ 17 പേർക്കും കെട്ടിവച്ച പണം നഷ്ടമായി. എൻ.ഡി.എയുടെ ഒരു സ്വതന്ത്ര സ്ഥാനാർഥിക്കും പണം നഷ്ടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 1.11 ലക്ഷം വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായത്.

സംസ്ഥാനത്ത് മത്സരിച്ച അഞ്ച് ദേശീയ പാർട്ടികളില്‍ സി.പി.എമ്മിലെ ഒരു സ്ഥാനാർഥിക്കും കെട്ടിവച്ച പണം നഷ്ടമായി. 53 സീറ്റില്‍ മത്സരിച്ച ആം ആദ്മി പാർട്ടിക്കും 55 സീറ്റില്‍ മത്സരിച്ച ബി.എസ്.പിക്കും മുഴുവൻ സീറ്റിലും പണം നഷ്ടമായി.

26 രജിസ്റ്റേഡ് പാർട്ടികളില്‍ കോണ്‍ഗ്രസ്-എസ്(1 സീറ്റ്), ഐ.എൻ.എല്‍(1), ഐ.എസ്.ജെ.ഡി(രണ്ട്), കേരള കോണ്‍ഗ്രസ് ബി(1), കേരള കോണ്‍ഗ്രസ് ജേക്കബ് (1), ആർ.എസ്.പി- ലെനിനിസ്റ്റ് (1), ആർ.എം.പി(1) എന്നീ പാർട്ടികള്‍ക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ ലഭിച്ചത്. എസ്.ഡി.പി.ഐ(34), എസ്.യു.സി.ഐ(30), ഡി.എച്ച്‌.ആർ.എം(9) തുടങ്ങിയ പാർട്ടികള്‍ക്ക് മുഴുവൻ സീറ്റിലും കെട്ടിവച്ച പണം നഷ്ടമായി. 281 സ്വതന്ത്ര സ്ഥാനാർഥികളില്‍ 259 പേർക്കും ഇത്തവണ കെട്ടിവച്ച പണം നഷ്ടമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക