മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകള്‍ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂര്‍വ അവസരങ്ങളില്‍ മാത്രമേ അമിത്ഷാ ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ച അനുവദിക്കാറുള്ളു. അത്തരത്തിലൊരു അപൂർവ കൂടിക്കാഴ്ചക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് അനുവാദം നല്‍കിയത്.
പിണറായി, അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു. ഔദ്യോഗിക വസതിയില്‍ സാധാരണ ഗതിയില്‍ കൂടിക്കാഴ്ചക്ക് അനുവാദം നല്‍കാത്ത ഷാ, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇത് അനുവദിക്കു. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് ഷായുമായുള്ള കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.വയനാട് ദുരന്തത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നേരമാണ് അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദ വിഷയങ്ങളോടൊന്നും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
നാളെ പ്രധാനമന്ത്രിയെ കാണും
വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട മുഖ്യമന്ത്രി, നാളെ പ്രധാനമന്ത്രിയേയും കാണും. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ അനുവദിച്ചത് 260. 56 കോടി രൂപമാത്രമാണ്. ഒരു വർഷത്തിലധികം നീണ്ട മുറവിളികള്‍ക്കൊടുവിലാണ് ഒക്ടോബർ 1 ന് വയനാടിന് പ്രത്യേക കേന്ദ്ര സഹായം പ്രഖ്യാപിച്ചത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമായിരുന്നു ഇത്. കഴിഞ്ഞ വർഷം ജൂലൈയില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലുണ്ടായ ദുരന്തത്തില്‍ തകർന്നതിന്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയില്‍നിന്നും 9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാല്‍, 2022 ല്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന്റെ പുനർനിർമ്മാണത്തിന് പി ഡി എൻ എയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്.
എയിംസ് ആവശ്യവുമായി ആരോഗ്യമന്ത്രിയേയും കണ്ടു
കേരളത്തിന്‍റെ എയിംസ് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയേയും മുഖ്യമന്ത്രി കണ്ടു. കേരളത്തില്‍ എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടികളിലേക്ക് കടക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. ദേശീയ പാതാ വികസനമടക്കമുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചർച്ചയായത്. നിയമസഭ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. വയനാട് ദുരന്ത സഹായത്തില്‍ കേന്ദ്രത്തെ പഴി പറയുമ്ബോള്‍ തന്നെ സംസ്ഥാനത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.

















