വൈദ്യുതിതകരാർ കാരണം മുംബൈയിലെ മോണോറെയില്‍ ട്രെയിൻ യാത്രയ്ക്കിടെ നിശ്ചലമായി. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂർ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിൻ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്.
ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാർ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കിയത്.
വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയർകണ്ടീഷൻ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാൻ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലർക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ടെക്നീഷ്യൻമാർ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
വൈദ്യുതിവിതരണത്തിലുണ്ടായ തകരാർ കാരണമാണ് ട്രെയിൻ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷൻസ്, മെയിന്റനൻസ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോർപ്പറേഷൻ അറിയിച്ചു. നിലവില്‍ വഡാലയ്ക്കും ചെമ്ബൂരിനും ഇടയില്‍ സിംഗിള്‍ലൈനിലൂടെ ട്രെയിനുകള്‍ സർവീസ് നടത്തുന്നുണ്ടെന്നും കോർപ്പറേഷൻ പറഞ്ഞു.
മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 300 മില്ലിമീറ്റർ മഴയാണ്. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്. മുംബൈയിലേക്കുള്ള ലോക്കല്‍, ദീർഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സർവീസ് അവസാനിപ്പിച്ചിരിക്കുകയാണ്.

















