പ്രശസ്ത ഹിന്ദി ടെലിവിഷന്‍-സിനിമ നടി സഞ്ചിത ഉഗാലെയെ (30) മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുംബൈ നളസോപാരയിലെ അചോലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പ്രശസ്തമായ ‘കുമുകും ഭാഗ്യ’ ഉള്‍പ്പെടെയുള്ള സീരിയലുകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ടെലിവിഷന്‍ ലോകത്തെയാകെ വന്‍ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച വൈകുന്നേരം 6.30-നും 7.30-നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് സഞ്ചിത താമസിച്ചിരുന്നത്. സംഭവസമയത്ത് താരം വീട്ടില്‍ തനിച്ചായിരുന്നു.

വീട്ടില്‍ തനിച്ചായിരുന്ന സമയം; ആത്മഹത്യാക്കുറിപ്പില്ല

ഞായറാഴ്ച വൈകുന്നേരം വീട്ടുകാര്‍ പുറത്തുപോയ സമയത്ത് സഞ്ചിത വീട്ടിനുള്ളില്‍ സാരിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രാത്രിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സഞ്ചിതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിന് (അഉഞ) കേസ് രജിസ്റ്റര്‍ ചെയ്ത് അചോലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും ഇന്‍സ്റ്റാഗ്രാമില്‍ സജീവം

മരണപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും ഇന്‍സ്റ്റാഗ്രാമില്‍ ഏറെ സന്തോഷവതിയായി റീല്‍സ് പങ്കുവെച്ചിരുന്ന സഞ്ചിത പെട്ടെന്നൊരു ദിവസം ജീവിതം അവസാനിപ്പിച്ചു എന്ന് വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല. ‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിലെ ‘രാധ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോയാണ് താരം അവസാനമായി പങ്കുവെച്ചത്. ഇതിന് താഴെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.

‘കുമുകും ഭാഗ്യ’യിലെ ദിയാ ടണ്ടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘വാഗ്ലെ കി ദുനിയ’, ‘ദില്‍വാലി ദുല്‍ഹ ലേ ജായേഗി’, ‘സാജന്‍ ഘര്‍’ തുടങ്ങിയ ജനപ്രിയ പരമ്പരകളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങി. ടെലിവിഷന് പുറമെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും സജീവമായിരുന്ന താരം മനോജ് ബാജ്പേയ്ക്കൊപ്പം ‘സൈലന്‍സ് 2’ ലും അഭിനയിച്ചിരുന്നു. വിക്കി കൗശല്‍ നായകനാകുന്ന ചരിത്ര സിനിമയായ ‘ഛാവ’യില്‍ ( താരാബായിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും സഞ്ചിതയായിരുന്നു.

സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതായും കുടുംബാംഗങ്ങളുടെയും അടുത്തവരുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതായും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ”സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം തുടരുകയാണ്,” എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക