മുനമ്ബത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നല്‍കാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകള്‍ക്ക് നല്‍കണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മുസ്തഫ മുണ്ടുപാറ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
വഖ്ഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്കുള്ളതല്ല എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
” മുനമ്ബം വിഷയം മുൻനിർത്തി ഒരു ഭാഗത്ത് വർഗീയ പ്രചാരണത്തിനും മുതലെടുപ്പിനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന് കരുതി സമാധാന സംസ്ഥാപനത്തിന് വഖ്ഫ് ഭൂമി ആർക്കെങ്കിലും ബലി നല്‍കാനാവില്ല. കേരളത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നതെന്നും” ലേഖനത്തില്‍ പറയുന്നു.
മുനമ്ബം സമരക്കാർക്ക് പിന്നില്‍ റിസോർട്ട് മാഫിയാണെന്ന് സമസ്ത മുശവറാംഗം ഉമ്മർ ഫൈസി മുക്കം ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് സമസ്ത പത്രത്തിലെ ലേഖനം.
ജനവികാരം എതിരായതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി ചർച്ചയിലൂടെ പരിഹാരം എന്ന കാര്യമാണ് ലീഗും കോണ്‍ഗ്രസും പറഞ്ഞു നടക്കുന്നത്. എന്നാല്‍ ഇവരുടെ നിലപാടിനെ പൂർണ്ണമായും തള്ളി ഒരു തരത്തിലും സന്ധി ചെയ്യില്ലെന്ന നിലപാടുമായാണ് സമസ്ത രംഗത്തെത്തിയത്.

















