മുനമ്പത്ത് ചെയ്തത് നിയമപരമായ നടപടിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ. ഉമീദ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസമായിരുന്നു മെയ് 17 ആണ്.അതുകൊണ്ടാണ് മെയ് 16ന് രജിസ്റ്റർ ചെയ്തത്. അത് നിയമപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം എന്ന മുഖ്യമന്ത്രിയുടെ പരാമർശം ശരിയല്ല. കോടതിയുടെ പരിഗണനയിലുള്ള ഭൂമി പ്രശ്നം എങ്ങനെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാകുമെന്നും കെ.എസ് ഹംസ ചോദിച്ചു. സർക്കാർ മാറിയെങ്കിലും വഖഫ് ബോർഡ് ചെയർമാനായി തുടരുമെന്നും ഹംസ കൂട്ടിചേർത്തു.
സർക്കാർ മാറുന്നത് സ്വാഭാവിക നടപടിയാണ്. 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് വൈകാരികമായാണ്. മുനമ്പത്തേത് വർഷങ്ങളായി നടക്കുന്ന പ്രശ്നമാണ്. ഭൂമി വഖഫാണ്. മന്ത്രിസഭയില്‍ ഉള്ള കെ.എം ഷാജി അത് നേരത്തെ പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കല്‍ അപ്പോയിൻമെന്റ് എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ മറപടി പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ അപ്പോയിൻമെന്റ് അല്ലേ എന്നും തിരിച്ചു ചോദിച്ചു.
വിഷയത്തില്‍ മതസ്പർധ ഉണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് എ.എ റഹീം എം.പി ആരോപിച്ചു. തെറ്റിധാരണ ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി. 2019 ലെ വഖഫ് ബോർഡാണ് മുനമ്പം ഭൂമി വഖഫില്‍ റജിസ്റർ ചെയ്തത്. ആ ബോർഡിനെ നിയമിച്ചത് യുഡിഎഫ് സർക്കാരായിരുന്നു. റഷീദലി തങ്ങള്‍ ആയിരുന്നു അന്ന് ചെയർമാൻ. ഉമീദ് പോർട്ടലില്‍ അപ്‌ലോഡ് ചെയ്തത് സാങ്കേതികമായിട്ടുള്ള കാര്യം മാത്രം. നിരുത്തരവാദപരമായി മുഖ്യമന്ത്രി സംസാരിക്കരുത്. 10 മിനിട്ട് പരിഹരിക്കുമെന്ന വീമ്പളക്കല്‍ നടക്കാത്ത കൊണ്ട് വക്കഫ് ബോർഡിൻറെ തലയില്‍ കൊണ്ട് വയ്ക്കുന്നു. സർക്കാരിനൊപ്പം പ്രശ്നം പരിഹരിക്കാൻ വേണ്ട നിലപാട് തന്നെ എടുക്കും. ഏകപക്ഷീയമായി ആരെയും കുടിയൊഴുപ്പിക്കില്ലെന്നും റഹിം.
















