
ലോക്സഭ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്. രാജ്യസഭയിലും ബില്ലിനെ എതിർക്കുമെന്ന് ബി ജെ ഡി രാജ്യസഭാംഗം സസ്മിത് പത്ര വ്യക്തമാക്കിയിട്ടുണ്ട്. ‘ഞങ്ങളുടെ ഭാഗത്ത് നിന്ന്, മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗം മുസിബുള്ള ഖാൻ സംസാരിക്കും, ബില്ലിലുള്ള എല്ലാ പോരായ്മകളും ബി ജെ ഡി തുടർന്ന് സഭയുടെ ഫ്‌ലോറിൽ അവതരിപ്പിക്കും’ അദ്ദേഹം വ്യക്തമാക്കി.
ബില്ലിനെതിരെ കോൺഗ്രസ് ഉള്‍പ്പെടേയുള്ള പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധമുയർത്തു. രാജ്യത്തിന്റെ ഭരണഘടനാ ഘടനയ്ക്കും സാഹോദര്യത്തിനും എതിരായി ഒരു പ്രത്യേക ന്യൂനപക്ഷ സമൂഹത്തെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമാണ് ഈ ബിൽ എന്ന് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭക്ത ചരൺ ദാസ് അഭിപ്രായപ്പെട്ടു. ‘ ഈ നീക്കത്തിലൂടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വഖഫ് ബോർഡിന്റെ പ്രവർത്തനത്തെയും ശാക്തീകരണത്തെയും അവർ നശിപ്പിക്കാന്‍ പോകുന്നു. അതിനാല്‍ ഞങ്ങൾ ഈ വഖഫ് ബില്ലിനെ എതിർക്കുന്നു. ഈ സമയത്ത്, എല്ലാം ഒരു വർഗീയ കോണിൽ നിന്ന് പരിഗണിക്കരുത്’ ദാസ് പറഞ്ഞു.