മാറിമറിയുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങള്‍ കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം.
പാലക്കാട് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെ ബി.ജെ.പിക്കുള്ളില്‍ പ്രശ്നങ്ങള്‍ സജീവമാണ്. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കയതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം അസ്വസ്ഥരാണ്. അബ്ദുള്‍ ഷുക്കൂറിന്റെ കണ്ണീരുള്‍പ്പെടെ അവിടെ പല പ്രതിസന്ധികളും പുകയുന്നുണ്ട്. ഒന്നും പ്രത്യക്ഷത്തില്‍ തെളിയുന്നില്ല. ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ച വിവാദങ്ങളുമൊക്കെ വോട്ടര്‍മാരെ സ്വാധീനിക്കും. നവീൻ ബാബു ഫാക്ടര്‍ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കും എന്നത് നിസ്തര്‍ക്കം.
എന്നാല്‍ കോണ്‍ഗ്രസ്സിലേക്ക് വന്നാല്‍ സ്ഥിതിഗതികള്‍ അത്രകുഴപ്പമില്ല. രാഹുല്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന അതൃപ്തി ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ അത് ശരാശരി വോട്ടര്‍മാരെ സ്വാധീനിക്കില്ല. മികച്ച ഒരു ചെറുപ്പക്കാരൻ എന്ന ഇമേജ് രാഹുലിന് ഗുണം ചെയ്യും. വയനാട് പ്രിയങ്കാഗാന്ധി മത്സരിക്കുന്നതിന്റെ അനുരണനം പാലക്കാടേയ്ക്കും എത്തും. എന്നാല്‍ ഷാഫി പറമ്ബിലിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ട് എൻ ബ്ലോക്കായി രാഹുലിന് ലഭിക്കുമോ എന്നുറപ്പില്ല. അതേസമയം, കാലുമാറിയ സരിനോടുള്ള വിരോധം അണികളെ രാഹുലിനോട് അടുപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ പരിശോധിക്കുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തിനാണ് നേരിയ എഡ്ജ്.
എന്നാല്‍ പൊലീസിന്റെ ഈ വിവരശേഖരണത്തെ ആധികാരികമായി കാണേണ്ടതില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പാലക്കാട് ജയിച്ചില്ലേലും ചേലക്കര നിലനിര്‍ത്താനാകും എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അവസാനലാപ്പില്‍ കാര്യങ്ങള്‍ കീഴിൻമേല്‍ മറിയുമെന്നും മുന്നണിക്ക് അനുകൂലമായ സാഹചര്യം പാലക്കാടുള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പാര്‍ട്ടി കേന്ദ്രങ്ങളെ അറിയിച്ചതായാണ് വിവരം.

















