കോളേജുകളിലെ ഫ്രഷേഴ്സ് ഡേ ആഘോഷത്തിന്‍റെ ദിവസമാണ്. പുതിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കിടെ പണ്ട് ചെറിയ തോതിലുള്ള റാഗിംഗും നടന്നിരുന്നു.
എന്നാല്‍, നിയമങ്ങള്‍ കര്‍ശനമായതോടെ അത്തരം കാര്യങ്ങള്‍ക്ക് ഇന്ന് വലിയ നിയന്ത്രണമുണ്ട്. എന്ന് വച്ച് ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ലതാനും. കഴിഞ്ഞ ദിവസം അത്തരമൊരു ഫ്രഷേഴ്സ് ഡേ ആഘോഷം സമൂഹ മാധ്യമ ഉപയോക്താക്കളുടെ വലിയ ശ്രദ്ധനേടി. സ്റ്റേജില്‍ പാട്ടിനൊപ്പം തകര്‍ത്താടിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അധ്യാപകന്‍ കൂടി കയറിയതായിരുന്നു ആളുകളെ ഏറെ ആവേശം കൊള്ളിച്ചത്.
ആലപ്പുഴ സനാതന ധർമ്മ കോളേജില്‍ നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ നാലാം തിയതി അമല്‍ വി നാഥ് എന്ന വിദ്യാര്‍ത്ഥിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വീഡിയോ വൈറലായി. 35 ലക്ഷം പേരാണ് അതിനകം വീഡിയോ കണ്ടത് ഏതാണ്ട് നാലര ലക്ഷത്തിന് അടുത്ത് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. രജനീകാന്ത് നായകനായ വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടിനൊപ്പിച്ചായിരുന്നു വിദ്യാര്‍ത്ഥിനികള്‍ സ്റ്റേജില്‍ നൃത്തം ചവിട്ടിയിരുന്നത്. പെട്ടെന്ന് മുന്നില്‍ നിരയിലിരുന്ന അധ്യാപകരിലൊരാള്‍ കാഴ്ചക്കാരെ ആശ്ചര്യത്തിലാക്കി സ്റ്റേജിലേക്ക് കയറി.

















