സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കാത്തത് നേരത്തെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വച്ചായിരുന്നു പി ജയരാജന്‍ 2019ല്‍ വടകര മണ്ഡലത്തില്‍ കെ മുരളീധരനോട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ജയരാജന് തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായി. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി ജയരാജന് പകരം എം വി ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു.
നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി ജയരാജന്‍. പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി ശക്തമായി മുന്നോട്ട് പോകുന്ന നേതാവ് കൂടിയാണ് പി ജയരാജന്‍. ഇപി ജയരാജനെതിരെ ഉയര്‍ന്ന വൈദേകം റിസോര്‍ട്ട് വിവാദവും പാര്‍ട്ടിക്കുള്ളില്‍ വിടാതെ പിന്തുടര്‍ന്നത് പി ജയരാജനായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും പി ജയരാജന്‍ ഇക്കാര്യം ഉന്നയിച്ചെന്നാണ് വിവരം.
കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജന് ജനപിന്തുണയുണ്ടെങ്കിലും വ്യക്തി പൂജ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നിലപാട് കടുപ്പിച്ചതോടെ നേതൃനിരയില്‍ സജീവമായിരുന്നില്ല പി ജയരാജന്‍. പിണറായി വിജയന് ജയരാജനോടുള്ള താല്പര്യ കുറവ് തന്നെയാണ് ഇദ്ദേഹം പാർട്ടിക്കുള്ളിൽ ഒതുക്കപ്പെടാൻ കാരണം. കണ്ണൂരിൽ പിണറായിക്ക് അപ്പുറമുള്ള ജനപ്രീതി സമ്പാദിച്ചതാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ ജയരാജൻ കരടാവാൻ കാരണം. എന്നാൽ ജനപിന്തുണയും പാർട്ടിക്കുള്ളിൽ പിന്തുണയും നഷ്ടപ്പെട്ട മുഖ്യമന്ത്രി ദുർബലനായി മാറുമ്പോൾ ജയരാജൻ ശക്തനായി തീരുകയാണ്.