കാട്ടുപന്നിയുടെ കുഞ്ഞിനെ അടിച്ചുകൊല്ലുന്ന പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പുറത്ത്. ഒരു വർഷം മുൻപ് നടന്ന സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ മെമ്പർക്ക് എതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പറായ കരിമ്പിൽ രാമചന്ദ്രൻ്റെ ദൃശ്യങ്ങളാണ് യാദൃശ്ചികമായി വീഡിയോ പകർത്തിയ ആളിൽ നിന്നും പുറത്തായത്.
2023 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. റോഡരികിലെ പൊന്തക്കാട്ടിൽ കയറിയ പന്നിക്കുട്ടിയെ രാമചന്ദ്രൻ സമീപത്തുണ്ടായിരുന്ന വടിയെടുത്ത് അടിച്ച് കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വാഹനങ്ങൾ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഒരു വാഹനത്തിൽ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച് ഇയാൾ നാട്ടുകാരോട് സംസാരിച്ചതാണ് വീഡിയോ പുറത്തുവരാൻ ഇടയാക്കിയത്. തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. രാമചന്ദ്രനെതിരേ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി താമരശ്ശേരി റേഞ്ച് ഓഫീസർ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം.