ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാരിൻറെ അവസാനകാലത്ത് കെഎം മാണി പ്രത്യേക താല്പര്യം എടുത്തു വിഭാവനം ചെയ്തതാണ് ആർ വി പാർക്കിന് സമീപത്തുനിന്ന് ആരംഭിച്ച് ബിഷപ്സ് ഹൗസിന് പിന്നിലൂടെ കൊട്ടാരമറ്റത്ത് വന്നുചേരുന്ന റിവർ വ്യൂ പാലം. പിണറായി സർക്കാരിൻറെ കാലത്ത് 2018 ലാണ് പാലം പണിക്ക് തറക്കല്ലിട്ടത്. പിന്നീട് മാണിയുടെ മരണശേഷം ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഇടതു സ്ഥാനാർത്ഥി മാണി സി കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനെയും നിരവധി തവണ കണ്ട് സമ്മർദ്ദം ചെലുത്തി അതിവേഗം പാലം പണി പൂർത്തിയാക്കുകയായിരുന്നു.
എന്നാൽ ജോസ് കെ മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള കുടിയേറ്റത്തോടെ പാലായിൽ ഇടതു സർക്കാർ നടപ്പിലാക്കി വന്നിരുന്ന എല്ലാ വികസന പ്രവർത്തനങ്ങളും സ്വിച്ചിട്ട പോലെയാണ് നിന്നത്. ജോസ് എംഎൽഎ ആയിട്ട് മതി ബാക്കി വികസനം ഒക്കെ എന്ന നിലപാടിൽ ആയിരുന്നു കേരള കോൺഗ്രസ്. അത് സിപിഎം അംഗീകരിക്കുകയും ചെയ്തു. എങ്കിലും പൊതു തെരഞ്ഞെടുപ്പിൽ കേരളം ഒട്ടാകെ ഇടതു തരം ആഞ്ഞടിച്ചിട്ടും പാലായിൽ ജോസ് കെ മാണി മാണി സി കാപ്പനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ രണ്ടാം പിണറായി സർക്കാർ പാലായോട് പൂർണമായ അവഗണനയാണ് പുലർത്തിയത്. കാപ്പനോടുള്ള വ്യക്തിവൈരാഗ്യം മൂലം പാലായുടെ വികസനങ്ങൾ തടസ്സപ്പെടുത്തുവാൻ സ്വന്തം പിതാവിന്റെ സ്വപ്ന പദ്ധതികൾക്ക് വരെ അള്ള് വെക്കുന്ന സമീപനമാണ് ജോസും കേരള കോൺഗ്രസും പുലർത്തുന്നതെന്നാണ് യുഡിഎഫ് ആക്ഷേപം.
അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ്
കെഎം മാണിയുടെ ആഗ്രഹമായിരുന്നെങ്കിലും അദ്ദേഹത്തിന് സാക്ഷാത്കരിക്കാൻ സാധിക്കാതെ പോയ ഒരു പദ്ധതിയാണിത്. പിന്നീട് ഒന്നാം പിണറായി സർക്കാരിൽ കെ കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയായിരിക്കെ മാണി സി കാപ്പൻ എംഎൽഎ പദ്ധതി നേരിട്ടിരുന്ന സാങ്കേതികമായ തടസ്സങ്ങൾ നീക്കുകയും പണി പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ജോസ് ഇടതുമുന്നണിയിൽ എത്തിയതോടെ ഇതും അട്ടിമറിക്കപ്പെട്ടു.
രണ്ടാം പിണറായി സർക്കാരിൽ ജലവിഭവ വകുപ്പ് ലഭിച്ച കേരള കോൺഗ്രസ് തന്നെ പദ്ധതി അട്ടിമറിക്കുകയായിരുന്നു. സ്വന്തം പാർട്ടി മന്ത്രി ഭരിക്കുന്ന വകുപ്പിന് കീഴിൽ വരുന്ന പദ്ധതി ബോധപൂർവ്വം വികസന മുരടിപ്പുണ്ടാക്കാൻ അട്ടിമറിച്ചതിന്റെ പ്രത്യാഘാതം ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അനുഭവിച്ചു. മാണി സി കാപ്പനോട് ജോസ് കെ മാണി മത്സരിച്ചപ്പോൾ ജോസിന് ഭൂരിപക്ഷം കിട്ടിയ ഏക പഞ്ചായത്തായിരുന്നു കേരള കോൺഗ്രസ് ശക്തി കേന്ദ്രമായിരുന്ന മുത്തോലി. പാർലമെൻറ് തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും ജോസ് കെ മാണിയുടെയും കേരള കോൺഗ്രസിന്റെയും കാപട്യം തിരിച്ചറിഞ്ഞ മുത്തോലിയിലെ ജനങ്ങൾ അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് ഉൾപ്പെടെയുള്ള വിഷയങ്ങളിലുള്ള പ്രതിഷേധമായി യുഡിഎഫ് അനുകൂല നിലപാടെടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ ശക്തി കേന്ദ്രത്തിലും ഫ്രാൻസിസ് ജോർജ് ലീഡ് നേടി.
ദുരന്തശേഷിപ്പായി കളരിയാമാക്കൽ പാലം
വര്‍ഷങ്ങളായി പാലാ ചെത്തിമറ്റത്തുള്ള കളരിയാംമാക്കല്‍പാലം അപ്പ്രോച്ച് റോഡഅപ്പ്രോച്ച് റോഡില്ലാതെ വികൃത രൂപമായി നില്‍ക്കുന്നതിന് കാരണവും ജോസ് കെ മാണിയും കേരള കോൺഗ്രസും തന്നെയാണ്. പാലാ ചെത്തിമറ്റത്തു നിന്ന് ആരംഭിച്ച് മുരിക്കുംപുഴ -ഇടമറ്റം റോഡില്‍ ചെന്ന് കയറേണ്ടിയിരുന്നയിരുന്ന പാലം ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചെന്ന് അവസാനിക്കുകയാണ്. ഇവിടെനിന്ന് ഇടമറ്റം റോഡിലേക്ക് കടക്കാനുള്ള അപ്പ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ല.
സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് സ്ഥലമുടമ വ്യക്തമാക്കിയിട്ടും പണം കൊടുത്ത് വാങ്ങാന്‍ നടപടി ഉണ്ടായില്ല. ഇതിനിടെ ചിലരെക്കൊണ്ട് പോലീസിലും ഹൈക്കോടതിയിലും കേസ് നല്‍കി. പാലം പൂര്‍ത്തിയായിട്ട് ആറു വര്‍ഷം കഴിഞ്ഞിട്ടും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ ഇടതു സര്‍ക്കാരിന്റെ വികസനവിരുദ്ധതയുടെ സ്മാരകമായി നില്‍ക്കുകയാണ്.
ഇങ്ങനെ സ്വയം നിയമസഭാ തിരഞ്ഞെടുപ്പിലും സ്വന്തം പാർട്ടിക്കാരൻ ലോക്സഭാ തിരഞ്ഞെടുപ്പിലും ദയനീയമായി പരാജയപ്പെട്ടതോടെ ഇനി പാലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്ന നിലപാടാണ് ജോസ് കെ മാണി തുടരുന്നതെന്ന് നാട്ടുകാര്‍ക്കിടയിലും ആക്ഷേപമുണ്ട്. ഈ വിമർശനങ്ങൾ വഴിമാറ്റി വിടാനാണ് ഇപ്പോൾ സ്ഥലമെടുപ്പ് പോലും പൂർത്തിയാകാത്ത റിംഗ് റോഡ് പദ്ധതിയുടെ അവലോകനവും അളവെടുക്കലുമായി ജോസ് കെ മാണിയും കൂട്ടരും വാർത്തകളിൽ നിറയാൻ ശ്രമിക്കുന്നത്. സാമ്പത്തിക പരാധീനതകളിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് പഞ്ചായത്ത് റോഡുകൾ റീടാർ ചെയ്യുവാനും മെയിന്റനൻസ് വർക്ക് നടത്താനുമുള്ള ഫണ്ടുകൾ പോലും അനുവദിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് കോടികൾ ലാൻഡ് അക്വിസിഷന് മാത്രം വേണ്ടിവരുന്ന റിംഗ് റോഡ് പദ്ധതിയുമായി പുക മറ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്.
ഇതുകൂടാതെ വികസന മുരടിപ്പ് എന്ന ആരോപണം ഉന്നയിച്ച് എംഎൽഎയ്ക്കെതിരെ നിരന്തര സമരങ്ങളും നടത്തുന്നുണ്ട്. സമരനായകനായ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ വാർഡിലും പഞ്ചായത്തിലും സ്വന്തം സ്ഥാനാർഥിയായ തോമസ് ചാഴികാടൻ ദയനീയമായി പിന്നോട്ട് പോയത് വിശദീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് വിരോധാഭാസം. എന്തായാലും അത്രയും ഗതികേട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് ഉണ്ടായില്ല. അദ്ദേഹം മത്സരിച്ചപ്പോൾ സ്വന്തം ബൂത്തിൽ പിന്നിൽ പോയെങ്കിലും കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജോസിന്റെ സ്ഥാനാർത്ഥിക്ക് ജോസ് കെ മാണിയുടെ ബൂത്തിൽ 14 വോട്ടുകളുടെ ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നു.

















