പാലായിൽ സ്ഥാനാർത്ഥിയായ പാർട്ടി നേതാവ് ജോസ് കെ എം മാണിയെ വെളുപ്പിക്കാനായി ചരിത്രം വളച്ചൊടിച്ച ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ടീച്ചറെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവും തലപ്പലം മുൻ പഞ്ചായത്ത് അധ്യക്ഷയുമായ അനുപമ വിശ്വനാഥ്. കന്യാസ്ത്രീകൾക്ക് റേഷൻ അനുവദിച്ചത് ജോസ് കെ മാണിയാണെന്ന ടീച്ചറുടെ അവകാശവാദമാണ് തെളിവുകൾ സഹിതം പുറത്തുവിട്ട് അനുപമ പൊളിച്ചത്. ചരിത്രം വളച്ചൊടിച്ച് പാർട്ടി നേതാവിനെ ന്യായീകരിക്കാൻ ഇറങ്ങിയ ടീച്ചറെ കടുത്ത ഭാഷയിൽ അനുപമ വിമർശിക്കുകയും ചെയ്തു. അനുപമയുടെ നിലപാട് ചുവടെ വായിക്കാം
പാലായിൽ സുസ്ഥിരവികസനം കൊണ്ടു വരുവാനുള്ള ഇച്ഛാശക്തിയും കർമ്മ ശേഷിയും ഉള്ളതുകൊണ്ടാണ് മാണി സി കാപ്പനെ തുടർച്ചയായി രണ്ടുവട്ടം ജനങ്ങൾ വിജയിപ്പിച്ചത്. നിയോജകമണ്ഡലത്തിലെ ഗ്രാമീണ മേഖലകളുടെ വികസനം ഉറപ്പാക്കുകയും ടൂറിസം രംഗത്ത് പാലായെ അടയാളപ്പെടുത്തുകയും ചെയ്ത ഇടപെടലുകളാണ് എംഎൽഎയുടെ ഭാഗത്തു നിന്ന് എന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ചുവർഷക്കാലവും പാലായുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചത് സർക്കാരിലുള്ള ജോസ് കെ മാണിയുടെ സ്വാധീനമാണെന്ന് ജനങ്ങൾക്കറിയാം. ആ തിരിച്ചറിവുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ജോസ് കെ മാണിക്ക് വേണ്ടി പെണ്ണമ്മ ടീച്ചർ നടത്തുന്ന ശ്രമങ്ങൾ പരിഹാസ്യമാണെന്നും തലപ്പലം പഞ്ചായത്ത് മുൻ അധ്യക്ഷൻ കൂടിയായ അനുപമ വിശ്വനാഥ് തുറന്നടിച്ചു.

വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടത് കോടതിയുടെ ഇടപെടൽ മൂലമാണ്. കോടതിയുടെ ഇടപെടലിലൂടെ ലഭിച്ച നീതി സർക്കാരിൻറെ കരുതലിലൂടെയാണ് എന്ന് പ്രചരിപ്പിക്കുന്നവർ പറയുന്ന കള്ളം അധ്യാപക സമൂഹത്തിനും ബോധ്യമായിട്ടുണ്ടെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നുതന്നെ പലവട്ടം വ്യക്തമായിട്ടുള്ളതാണെന്നും അനുപമ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണല്ലോ ഈ വിഷയത്തിൽ ജോസ് കെ മാണിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ ഉയർത്തിയ ബോർഡുകൾ എടുത്തുമാറ്റാൻ അവർ നിർബന്ധിതരായത് എന്നും അനുപമ പരിഹസിച്ചു.
കേരള കോൺഗ്രസിനും ഇടതുമുന്നണിക്കും പാലായിലെ ജനങ്ങളോട് ആത്മാർത്ഥ ഉണ്ടായിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയ പക്ഷം മന്ത്രി റോഷി അഗസ്റ്റിൻ കൈകാര്യം ചെയ്തിരുന്ന വകുപ്പിന് കീഴിൽ വരുന്ന മീനച്ചിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായേനെ എന്നും അനുപമ പറഞ്ഞു. അരുണാപുരത്തെ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി അട്ടിമറിച്ചതും എംഎൽഎക്ക് എതിരെ ഉള്ള നിലപാടിന്റെ ഭാഗമായിട്ടാണ്. തന്നെ പരാജയപ്പെടുത്തിയ ജനങ്ങളോടുള്ള ജോസ് കെ മാണിയുടെ വെല്ലുവിളിയാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പിണറായി ഭരണത്തിൽ കാണാനായത്. ഈ അവഗണനയ്ക്ക് പാലായിലെ ജനങ്ങൾ മറുപടി നൽകുന്നത് യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചും, യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ എത്തിച്ചുമായിരിക്കുമെന്നുള്ള ആത്മവിശ്വാസവും അവർ പങ്കുവെച്ചു.

















