സുപ്രീം കോടതി പരാമർശത്തില്‍ നിന്ന് ആരംഭിച്ച്‌ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭമായി വളർന്ന ‘കോക്ക്റോച്ച്‌ ജനതാ പാർട്ടി’യുടെ (CJP) ചരിത്രവും വളർച്ചയും ചരിത്രപരമാണ്.സുപ്രീം കോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തില്‍ പ്രതിഷേധിച്ചാണ് 30-കാരനായ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി മുൻ വിദ്യാർത്ഥിയുമായ അഭിജീത് ദീപ്കെ കോക്ക്റോച്ച്‌ ജനതാ പാർട്ടി എന്ന പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. കേവലം ഒരു സോഷ്യല്‍ മീഡിയ പരിഹാസമായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് ലക്ഷക്കണക്കിന് യുവാക്കളുടെ ശബ്ദമായി മാറി.

വിവാദ പരാമർശവും പ്രതികരണവും – 15 മേയ് 2026

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുപ്രീം കോടതി വിചാരണയ്ക്കിടെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകള്‍’ എന്നും ‘പരാദങ്ങള്‍’ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉപമിച്ചു. മാധ്യമപ്രവർത്തകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആർടിഐ പ്രവർത്തകരുമായി മാറി ഇവർ എല്ലാവരെയും ആക്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമുയരുകയും #Cockroach ട്രെൻഡിംഗാവുകയും ചെയ്തു.

CJP യുടെ തുടക്കം- 16 മേയ് 2026

അഭിജീത് ദീപ്കെ എക്സില്‍ സിജെപി വെബ്‌സൈറ്റ് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 40000ലധികം ആളുകള്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റർ ചെയ്തു. അഞ്ച് ഇന പ്രകടനപത്രിക പുറത്തിറക്കിയതോടെ #MainBhiCockroach തരംഗമായി. അതേസമയം, താൻ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദവുമായി രംഗത്തിറങ്ങുന്നവരെ ഉദ്ദേശിച്ചാണ് സംസാരിച്ചതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരണം നല്‍കി.

രാഷ്ട്രീയ പിന്തുണയും പിന്തുണക്കാരുടെ വർദ്ധനവും- 17 മേയ് 2026

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്രയും കീർത്തി ആസാദും പ്രസ്ഥാനത്തില്‍ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു. സിജെപിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അനുയായികളുടെ എണ്ണം വേഗത്തില്‍ ഉയർന്നു.

പ്രതിഷേധ ഗാനവും പ്ലാറ്റ്‌ഫോമിന്റെ വളർച്ചയും- 18 മേയ് 2026

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തെയും കുറിച്ച്‌ സംസാരിക്കുന്ന ഹാൻ മേൻ ഹൂണ്‍ കോക്ക്റോച്ച്‌ എന്ന പ്രതിഷേധ ഗാനം സിജെപി പുറത്തിറക്കി. രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ എണ്ണം 70,000 കടന്നു.

സോഷ്യല്‍ മീഡിയയിലെ റെക്കോർഡ് മുന്നേറ്റം- 19 മേയ് 2026

സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേവലം 78 മണിക്കൂറിനുള്ളില്‍ 30 ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടി.

പ്രമുഖരുടെ പിന്തുണ- 16 – 20 മേയ് 2026

ഡിജിറ്റല്‍ പ്രതിഷേധം തൊഴിലില്ലായ്മയ്ക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനും വേണ്ടിയുള്ള വലിയ പ്രസ്ഥാനമായി വളർന്നു. സമീർ ഭാട്ടിയ, അനുരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ്മ എന്നിവർ പിന്തുണ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് 1 കോടിയോടടുത്തു.

ബിജെപിയെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി സിജെപി- 21 മേയ് 2026

ഇൻസ്റ്റഗ്രാമില്‍ 1.4 കോടിയും പിന്നീട് 1.7 കോടിയും ഫോളോവേഴ്‌സിനെ നേടി ബിജെപിയെയും കോണ്‍ഗ്രസിനെയും സിജെപി മറികടന്നു. എന്നാല്‍ നിയമപരമായ ആവശ്യങ്ങളെത്തുടർന്ന് ഇന്ത്യയില്‍ സിജെപിയുടെ എക്സ് അക്കൗണ്ട് തടയപ്പെട്ടു.

അഞ്ചു ഇന അജണ്ടയും വക്താക്കളുടെ നിയമനവും- മേയ് – ജൂണ്‍ 2026

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പകരം സ്ഥാപനപരമായ പരിഷ്കാരങ്ങളില്‍ ഊന്നിയുള്ള 5 ഇന അജണ്ട സിജെപി പ്രസിദ്ധീകരിച്ചു. ജൂണ്‍ 2-ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പ്രസ്ഥാനത്തില്‍ ചേർന്നു. ജൂണ്‍ 3-ന് സൗരവ് ദാസ്, വിജേത ദാഹിയ, അശുതോഷ് റാങ്ക എന്നിവരെ ഔദ്യോഗിക വക്താക്കളായി പ്രഖ്യാപിച്ചു.

ആദ്യ ഫിസിക്കല്‍ പ്രതിഷേധവും പ്രക്ഷോഭ പ്രഖ്യാപനവും- 6 – 11 ജൂണ്‍ 2026

ജൂണ്‍ 6-ന് ഡല്‍ഹി ജന്തർ മന്ദറില്‍ ആദ്യ ഫിസിക്കല്‍ പ്രതിഷേധം നടന്നു (6 പേർ തടഞ്ഞുവെക്കപ്പെട്ടു). ജൂണ്‍ 10-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കില്‍ ജൂണ്‍ 20 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ജൂണ്‍ 11-ന് പൂനെ സാവിത്രിബായ് ഫൂലെ സർവകലാശാലയില്‍ പരീക്ഷാ പരിഷ്കരണ പ്രകടനപത്രിക പുറത്തിറക്കി.

ജന്തർ മന്ദറിലെ സമരവും സോനം വാങ്ചുകിന്റെ നിരാഹാരവും- 20 – 28 ജൂണ്‍ 2026

ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടർന്ന് ജൂണ്‍ 20 മുതല്‍ ജന്തർ മന്ദറില്‍ സിജെപി അനിശ്ചിതകാല ധർണ്ണ ആരംഭിച്ചു. ജൂണ്‍ 28-ന് സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചു.

ആരോഗ്യസ്ഥിതി മോശമാകലും ആശുപത്രി മാറ്റവും 4 – 19 ജൂലൈ 2026

കടുത്ത ചൂടില്‍ സോനം വാങ്ചുകിന്റെ ഭാരം 7 കിലോ കുറഞ്ഞു. ജൂലൈ 18-ന് 20 ദിവസത്തെ നിരാഹാരത്തിന് ശേഷം ഡല്‍ഹി പോലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സ നിരസിച്ച്‌ അദ്ദേഹം സമരം തുടർന്നു.

സൻസദ് ചലോ മാർച്ചും പോലീസ് നടപടിയും- 20 – 22 ജൂലൈ 2026

ജൂലൈ 20-ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ‘സൻസദ് ചലോ’ മാർച്ചില്‍ പോലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാഹുല്‍ ഗാന്ധിയും പ്രമുഖ നടന്മാരായ സല്‍മാൻ ഖാൻ, ആലിയ ഭട്ട്, ദുല്‍ഖർ സല്‍മാൻ തുടങ്ങിയവരും പ്രതിഷേധക്കാർക്ക് പിന്തുണ നല്‍കി.

പ്രധാനമന്ത്രിയുടെ ഉറപ്പും സർക്കാരിന്റെ തീരുമാനവും- 23 – 24 ജൂലൈ 2026

നീറ്റ് പേപ്പർ ചോർച്ചയില്‍ കർശന ശിക്ഷ ഉറപ്പാക്കാൻ പാർലമെന്റില്‍ ബില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അക്രമരഹിതമായി സമരം ചെയ്ത വിദ്യാർത്ഥികള്‍ക്കെതിരായ കേസുകള്‍ പിൻവലിക്കാമെന്ന കേന്ദ്രത്തിന്റെ എഴുതിത്തയ്യാറാക്കിയ ഉറപ്പില്‍ ജൂലൈ 24-ന് സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു.

രാജിക്കായുള്ള സമയം ചോദിച്ച്‌ കേന്ദ്രം -24 ജൂലൈ 2026

മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ ജൂലൈ 25 വരെ സമയം ആവശ്യപ്പെട്ടതായി സിജെപി ദേശീയ വക്താക്കള്‍ അറിയിച്ചു.

ഒടുവില്‍ രാജി -25 ജൂലൈ 2026

സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു. ഓണ്‍ലൈൻ ട്രോളായി തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശബ്ദമായി മാറാനും, സർക്കാരിനെ പരീക്ഷാ പരിഷ്കാരങ്ങള്‍ക്ക് നിർബന്ധിതരാക്കാനും സിജെപിക്ക് സാധിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക