പെട്രോള്‍ വാഹനങ്ങളോട് വിടപറയാനൊരുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. 2028 മാർച്ച് 31-ന് ശേഷം തലസ്ഥാന നഗരിയില്‍ പെട്രോള്‍ സ്കൂട്ടറുകളോ മോട്ടോർ സൈക്കിളുകളോ വാങ്ങാൻ സാധിക്കില്ല.സർക്കാർ അംഗീകരിച്ച ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) നയത്തില്‍ സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നീട്ടാനുള്ള നിർദ്ദേശവും ഒഴിവാക്കി.
പൂർണ്ണമായും ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലാണ് ഇവി നയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഡല്‍ഹിയില്‍ സ്ട്രോങ്ങ് ഹൈബ്രിഡ് കാറുകള്‍ക്ക് വില കുറയില്ല. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ നയം അനുസരിച്ച് 2028 ഏപ്രില്‍ 1 മുതല്‍ ഡല്‍ഹിയില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളൂ. ഇതോടെ പെട്രോള്‍ ബൈക്കുകള്‍ ഡല്‍ഹിയില്‍ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കപ്പെടും.
ഇവി നയത്തില്‍ സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിർദ്ദേശിച്ചിരുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് വലിയ തർക്കം നിലനിന്നിരുന്നു. ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിച്ചെടുക്കുന്നത് വരെ, മലിനീകരണമില്ലാത്ത കാറുകളിലേക്ക് ജനങ്ങള്‍ക്ക് മാറാനായി 30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ റോഡ് നികുതിയിലും രജിസ്ട്രേഷൻ ചാർജുകളിലും 50% ഇളവ് നല്‍കാനാണ് കരട് നയത്തില്‍ നിർദ്ദേശിച്ചിരുന്നത്.
ഇവി മേഖലയില്‍ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കണ്‍സള്‍ട്ടന്റുമാരും സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നതിനെ പിന്തുണച്ചിരുന്നു. എന്നാല്‍, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുകളില്‍ നിക്ഷേപം നടത്തുന്നതിനും പൂർണ്ണമായും ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വാദിച്ചവർ ഈ നിർദ്ദേശത്തെ എതിർക്കുകയാണുണ്ടായത്.
പുതിയ ഇവി നയം അനുസരിച്ച് എല്ലാത്തരം പൂർണ്ണ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും റോഡ് നികുതി, രജിസ്ട്രേഷൻ ചാർജുകള്‍ എന്നിവ 100% ഒഴിവാക്കിയിട്ടുണ്ട്. നാല് ചക്ര വാഹനങ്ങളെ സംബന്ധിച്ചിടത്തോളം 30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള വാഹനങ്ങള്‍ക്കായിരിക്കും ഈ ഇളവ് ബാധകമാകുക. ഈ നയത്തിന് കീഴില്‍ വാങ്ങുന്ന ഇലക്‌ട്രിക് വാഹനങ്ങള്‍ മൂന്ന് വർഷത്തേക്ക് മറ്റൊരു സംസ്ഥാനത്ത് വില്‍ക്കാനോ രജിസ്റ്റർ ചെയ്യാനോ സാധിക്കില്ല.
ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കാനും നഗരത്തിലെ ഗതാഗത സംവിധാനം ശക്തിപ്പെടുത്താനുമാണ് ഇവി നയം ലക്ഷ്യമിടുന്നതെന്നും ഇത് ആത്യന്തികമായി തലസ്ഥാനത്തെ ഒരു ‘സ്മാർട്ട്’ സിറ്റിയായി മാറ്റാൻ വഴിയൊരുക്കുമെന്നും ഡല്‍ഹി കാബിനറ്റിന്റെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു.
ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ വർഷത്തില്‍ 30,000 രൂപ, രണ്ടാം വർഷത്തില്‍ 20,000 രൂപ, മൂന്നാം വർഷത്തില്‍ 10,000 രൂപ എന്നിങ്ങനെ പർച്ചേസ് ഇൻസെന്റീവ് നല്‍കാൻ ഡല്‍ഹി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ത്രീ-വീലറുകള്‍ക്ക് ആദ്യ വർഷം 50,000 രൂപ, രണ്ടാം വർഷം 40,000 രൂപ, മൂന്നാം വർഷം 30,000 രൂപ എന്നിങ്ങനെയായിരിക്കും ആനുകൂല്യമായി ലഭിക്കുക.
എൻ1 ഇലക്‌ട്രിക് ട്രക്കുകള്‍ വാങ്ങുന്നവർക്ക് ആദ്യ വർഷത്തില്‍ 1 ലക്ഷം രൂപ വരെ സബ്‌സിഡിക്ക് അർഹതയുണ്ടായിരിക്കും. പരമാവധി 3.5 ടണ്‍ വരെ ഭാരം അനുവദനീയമായ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങളാണ് എൻ1 കാറ്റഗറിയില്‍ വരുന്നത്. ഈ നയം വിജ്ഞാപനം ചെയ്ത് മൂന്ന് മാസത്തിനകം വാങ്ങുന്ന ആദ്യത്തെ 1,000 ഇലക്‌ട്രിക് എൻ2 ട്രക്കുകള്‍ക്ക് (3.5-12 ടണ്‍) ഡല്‍ഹി എൻട്രി ഫീസും ഒഴിവാക്കിയിട്ടുണ്ട്.
2027 ജനുവരി 1 മുതല്‍ ഡല്‍ഹിയില്‍ ഇലക്‌ട്രിക് ഓട്ടോകളും എൻ1 ട്രക്കുകളും മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. 2028 ഏപ്രില്‍ 1 മുതല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ രജിസ്ട്രേഷന് അർഹതയുണ്ടായിരിക്കൂ. പിഎം ഇ-ഡ്രൈവ് പദ്ധതിയിലൂടെയും ഡല്‍ഹി സർക്കാരിന്റെ ബജറ്റിലൂടെയും ഡല്‍ഹിയിലുടനീളം 32,000 ചാർജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

















