നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറില്‍ തുടരുന്ന പ്രതിഷേധത്തിനിടയില്‍ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് ബാധിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചിരുന്ന അദ്ദേഹത്തിന്റെ രക്തപരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലാണെന്നും രാവിലെയും വൈകുന്നേരവും ഐവി ഡ്രിപ്പുകള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
പ്രതിഷേധം ശക്തമായി തുടരുന്ന സമരമുഖത്ത് നിരവധിപ്പേർ ഒത്തുകൂടിയിരിക്കുന്നതിനാല്‍ സമാനമായ രോഗങ്ങള്‍ മറ്റുള്ളവരിലേക്കും പടരാൻ ഉയർന്ന സാധ്യതയുണ്ട്. സമരക്കാരെ പിന്തുണയ്ക്കാനും ആവശ്യമായ വൈദ്യസഹായം നല്‍കാനുമായി നിരവധി ഡോക്ടർമാർ ഇതിനോടകം ജന്തർ മന്തറില്‍ എത്തിയിട്ടുണ്ട്.
എന്താണ് ടൈഫോയ്ഡ്?
സാല്‍മണെല്ല ടൈഫി ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഗുരുതരമായ ബാക്ടീരിയല്‍ അണുബാധയാണ് ടൈഫോയ്ഡ്. ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇത് രക്തത്തിലൂടെ വിവിധ അവയവങ്ങളിലേക്ക് പടരുന്നു.
പകരുന്ന വഴികള്‍: രോഗബാധിതരുടെ മലമൂത്ര വിസർജ്യങ്ങള്‍ വഴി ജലവും ഭക്ഷണവും മലിനമാക്കപ്പെടുന്നതിലൂടെയാണ് ഈ രോഗം പ്രധാനമായും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. സുരക്ഷിതമല്ലാത്ത കുടിവെള്ളം, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍, രോഗി ഉപയോഗിച്ച ശുചിമുറികള്‍ എന്നിവയിലൂടെ രോഗാണുക്കള്‍ എളുപ്പത്തില്‍ വ്യാപിക്കാം.
പ്രധാന ലക്ഷണങ്ങള്‍
ദിവസേന ക്രമാനുഗതമായി വർധിക്കുന്ന പനി (104.9 ഫാരൻഹീറ്റ് വരെയാകാം). കഠിനമായ തലവേദന, അമിതമായ ക്ഷീണം, പേശിവേദന. വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, വരണ്ട ചുമ. വയറുവേദന, അതിസാരം അല്ലെങ്കില്‍ മലബന്ധം, വയർ വീർക്കുക. രോഗം ഗുരുതരമായാല്‍ രോഗിക്ക് ഓർമ്മക്കുറവോ അലസതയോ അനുഭവപ്പെടാം.
സമരമുഖത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിങ്ങിനിറഞ്ഞ സമരവേദികളില്‍ കുടിക്കാൻ എപ്പോഴും തിളപ്പിച്ചാറ്റിയ അല്ലെങ്കില്‍ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക. ആഹാരത്തിന് മുൻപും ഇടയ്ക്കിടെയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. തുറന്ന സ്ഥലങ്ങളിലെ മലമൂത്ര വിസർജനം പൂർണ്ണമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. രോഗവ്യാപന സാധ്യതയുള്ള ഇത്തരം വലിയ ജനക്കൂട്ടങ്ങളില്‍ കഴിയുന്നവർ മുൻകരുതല്‍ എന്ന നിലയില്‍ ടൈഫോയ്ഡ് വാക്സിൻ എടുക്കുന്നത് രോഗബാധ തടയാൻ സഹായിക്കും.









