പ്രമുഖ ഐഎഎസ് കോച്ചിങ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി, 1.89 കോടി രൂപ തട്ടിയെടുത്തു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭ്ര രഞ്ജന്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ശുഭ്ര രഞ്ജനെ ഭോപ്പാലില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ അക്കാദമിയുടെ ഭോപാല്‍ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശര്‍മ്മ എന്ന വ്യക്തിയെ പോലിസ് അറസ്റ്റ് ചെയ്തു.
ശുഭ്ര രഞ്ജനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.ഡല്‍ഹിയിലായിരുന്ന ശുഭ്രരഞ്ജനെ ഭോപാലില്‍ പുതിയ സെന്റര്‍ തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ഇരുവരേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിധത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഭോപാലിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്ന അവരെ പ്രിയങ്ക് തന്റെ വാഹനത്തില്‍ കയറ്റി ബാഗ്‌സെവാനിയ പ്രദേശത്തുള്ള ഒരു വാടക ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെ തോക്കുകളുമായി കാത്തുനിന്ന ഗുണ്ടാസംഘം ഇരുവരെയും ബന്ദികളാക്കുകയായിരുന്നു.ശുഭ്ര രഞ്ജന്റെയും മറ്റും നിലവിളികള്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ ഫ്‌ലാറ്റില്‍ ഉച്ചത്തില്‍ ‘സുന്ദരകാണ്ഡം’ പാരായണം സംഘടിപ്പിച്ചിരുന്നു.
ഏകദേശം നാല് മണിക്കൂറോളം തോക്കിന്‍മുനയില്‍ നിര്‍ത്തി 1.89 കോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ നിര്‍ബന്ധപൂര്‍വം മാറ്റിച്ചു. പൊലീസിനെ സമീപിക്കാതിരിക്കാന്‍ അവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ചില വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യിപ്പിക്കുകയും സഹപ്രവര്‍ത്തകരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം തട്ടിയ ശേഷം ഇവരെ വിട്ടയച്ചെങ്കിലും ഭോപാല്‍ ക്രൈംബ്രാഞ്ച് അതിവേഗം അന്വേഷണം ആരംഭിച്ചതോടെ പ്രിയങ്കിന്റെ പങ്കും വ്യക്തമായി.പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രതിയായ പ്രിയങ്ക് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും, പിന്നീട് അസുഖം അഭിനയിച്ച് ഭോപാല്‍ എയിംസ് ആശുപത്രിയിലെ ഐസിയുവില്‍ അഭയം തേടുകയും ചെയ്തു.
എന്നാല്‍ പൊലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു, പ്രിയങ്കിന്റെ അമ്മയും ഭാര്യയും പൊലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി. പ്രിയങ്കിനെ കൂടാതെ അഞ്ച് കൂട്ടാളികളെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

















