കണ്ടാല്‍ വിദേശത്തെ ഏതോ വിമാനത്താവളത്തിന്റെ ലക്ഷ്വറി ലോഞ്ചാണെന്ന് തോന്നും. എന്നാല്‍ ഇത് ഇന്ത്യയിലെ ഒരു ബസ് സ്റ്റാൻഡാണെന്ന് അറിയുമ്ബോള്‍ തീർച്ചയായും അതിശയം തോന്നും.ഒഡീഷ ഭുവനേശ്വറിലെ മനോഹരമായി രൂപകല്‍പ്പന ചെയ്ത ബാരാമുണ്ട ബസ് സ്റ്റാൻഡിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നഗരത്തിന് അഭിമുഖമായുള്ള മനോഹരമായ പ്രധാന കവാടം, വൃത്തിയുള്ള പ്രവേശന കവാടം, മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയ, വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രം, ചുവരുകളിലെ പരമ്ബരാഗത ചിത്രങ്ങള്‍ എന്നിവയെല്ലാം കാണികളെ ആകർഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ആഡംബരപൂർണമായ ബസ് സ്റ്റാൻഡ് എന്നാണ് ബാരാമുണ്ട ബസ് സ്റ്റാൻഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഭരണകാലത്താണ് ഈ ബസ് സ്റ്റാൻഡിന്റെ വികസനം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാരാമുണ്ട ബസ് സ്റ്റാൻഡ്

ബാബാസാഹേബ് ഭീംറാവു അംബേദ്കർ ബസ് ടെർമിനല്‍ (BBRABT) എന്നും ഇത് അറിയപ്പെടുന്നു. ഒഡീഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന് (OSRTC) കീഴില്‍ പ്രവർത്തിക്കുന്ന ഈ സ്റ്റാൻഡ് 2024 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. ഒഡീഷയിലെ വിവിധ ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സർ‌വീസുകള്‍ക്കായി 44 പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയുള്ളത്.

15.5 ഏക്കറിലായി മൂന്ന് നിലകളിലായാണ് ഈ ടെർമിനല്‍ നിർമിച്ചിരിക്കുന്നത്. ഒരേസമയം 100 ഓട്ടോറിക്ഷകള്‍ക്കും, 85ലധികം ഇരുചക്ര വാഹനങ്ങള്‍ക്കും, 20ലധികം ടാക്സികള്‍ക്കും ഇവിടെ പാർക്ക് ചെയ്യാം. പ്രതിദിനം 30,000 യാത്രക്കാർക്കും 700-800 ബസ്സുകള്‍ക്കും ഈ ടെർമിനല്‍ സേവനം നല്‍കുന്നു. ഏകദേശം 200 കോടി രൂപ ചിലവഴിച്ചാണ് ഒഡീഷ സർക്കാർ ഇത് നിർമിച്ചത്.

സൗകര്യങ്ങള്‍

  • എ.എം.ആർ.ഐ (AMRI) ഹോസ്പിറ്റലിന്റെ വെല്‍നസ് കെയർ സെന്റർ.
  • ഓപ്പറേഷൻസ് കണ്‍ട്രോള്‍ സെന്റർ, കോണ്‍ഫറൻസ് റൂം, ബസ് ഉടമകളുടെ അസോസിയേഷൻ ഓഫീസുകള്‍.
  • OSRTC ഓഫീസും ടിക്കറ്റ് കൗണ്ടറുകളും.
  • യാത്രക്കാരായ അമ്മമാർക്കായി മുലയൂട്ടല്‍ കേന്ദ്രം.
  • ആധുനിക രീതിയിലുള്ള ‘ആഹാർ കേന്ദ്രം’, മിഷൻ ശക്തി കഫേ തുടങ്ങിയ ഭക്ഷണശാലകള്‍.

ചുരുക്കത്തില്‍, പൗരന്മാരുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഒഡീഷ നടത്തുന്ന പരിശ്രമങ്ങളുടെ മികച്ച അടയാളമാണ് ബാരാമുണ്ട ബസ് സ്റ്റാൻഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക