ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന തർക്കം രൂക്ഷമാകുന്നതിനിടെ ലോയേഴ്സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് സൂചന.മുഖ്യമന്തി വിഡി സതീശനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് അനൂപ് നായര്‍ മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമുള്ള ആളാണെന്നാണ് സാബു തൊഴുപ്പാടന്റെ ആരോപണം. ആര്‍എസ്‌എസ്, എസ്‌എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ ശുപാർശ ചെയ്തത് ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റാണെന്നും സാബു ആരോപിച്ചു.
അനൂപ് നായരെ ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ് ആക്കിയത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധം എന്തെന്നറിയില്ല. താരതമ്യേന ജൂനിയറായ അനൂപ് നായരെ സ്റ്റേറ്റ് അറ്റോര്‍ണി ആയി നിയമിക്കുകയും ചെയ്തു. അനൂപ് നായര്‍ നല്‍കിയ പട്ടികയിലാണ് വിവാദമായ പേരുകള്‍ വന്നതെന്നും സാബു വിശദീകരിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി സ്ഥാനത്ത് നിന്നും ഐഎല്‍സി ഹൈക്കോടതി യൂണിറ്റ് പ്രസിഡണ്ട് സ്ഥാനത്തുനിന്നും അനൂപിനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്ലീഡര്‍മാരായി നിയമിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും ലോയേഴ്‌സ് കോണ്‍ഗ്രസുകാരല്ലെന്നും സംസ്ഥാന കമ്മിറ്റി നല്‍കിയ പട്ടികയിലെ മുഴുവന്‍ പേരെയും അവഗണിച്ചെന്നും സാബു ആരോപിക്കുന്നു.
അതിനിടെ പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി കെ അബ്ദുള്‍ റഹ്‌മാനും ഇന്നലെ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർ സാങ്കേതികമായി അംഗങ്ങളാണെന്നും, യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, ആണെന്നും കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. പല യൂണിറ്റുകളില്‍ നിന്നും ശുപാര്‍ശാ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.
പ്ലീഡർ നിയമന വിഷയത്തില്‍ വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഏറെസമയം നിയമനം ലോയേഴ്‌സ് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്നാണ് നടത്തിയതെന്നാണ് വാർത്താസമ്മേളനത്തില്‍ മുഖൈമണ്തരി പറഞ്ഞത്. ആ വാദത്തെ സാധൂകരിക്കുമ്പോഴും വിഷയത്തില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ക്കിടയിലും വ്യത്യസ്താഭിപ്രായങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് സാബുവിന്റെ പ്രതികരണം. വിഷയത്തില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസിലെ ഒരു വിഭാഗവും മുന്നോട്ട് വെക്കുന്നത് എന്നത് പ്രധാനമാണ്, അതേസമയം കെഎസ്‌യുവിലെ പോലെ തന്നെ വിഷയത്തില്‍ കോണ്‍ഗ്രസ് അഭിഭാഷകരിലെ ഭിന്നാഭിപ്രായങ്ങളായും പുറത്തുവരുന്നുവെന്നാണ് വിലയിരുത്തല്‍.

















