ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ വീണ്ടും ഹൈക്കോടതിയില്‍.സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കി.ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീല്‍ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇഡി റെയ്ഡുകള്‍ക്കും തുടർന്നുള്ള ചോദ്യം ചെയ്യല്‍ നടപടികള്‍ക്കും പിന്നാലെയാണ് കമ്പനി ഈ നീക്കം നടത്തിയിരിക്കുന്നത്.
സിഎംആർഎല്‍ ഓഫീസുകളില്‍ വിപുലമായ പരിശോധനകള്‍ പൂർത്തിയാക്ക ഇ ഡി അന്വേഷണ സംഘം, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് കമ്പനി കോടതിയെ സമീപിച്ചത്. നിലവില്‍ വളരെ വേഗത്തിലാണ് ഇഡി ഈ കേസുമായി മുന്നോട്ടുപോകുന്നത്. ഈ നീക്കങ്ങള്‍ തടയാൻ ആണ് സി എം ആർ എല്‍ കോടതിയെ സമീപിച്ചത്.
ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎല്‍ നല്‍കിയ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇഡിക്ക് സമാന്തര അന്വേഷണം നടത്താൻ അധികാരമുണ്ടെന്ന അനുകൂലമായ രീക്ഷണങ്ങളും അന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഉണ്ടായിരുന്നു. ഈ ഉത്തരവാണ് ഇപ്പോള്‍ കമ്പനി ചോദ്യം ചെയ്തിരിക്കുന്നത്.ഹൈക്കോടതിക്ക് വരും ദിവസങ്ങളില്‍ അവധിയായതിനാല്‍ ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സിഎംആർഎല്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറലാണ് ഈ കേസില്‍ ഹാജരാകുന്നത്.

















