ഭൂമി തരംമാറ്റ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ച മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ.അബ്ബാസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ എസ്.എച്ച്.ഒയ്ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത് സംബന്ധിച്ച കർശന നിർദ്ദേശം നല്‍കിയത്.
ഉദ്യോഗസ്ഥർക്കിടയിലെ വീഴ്ചകളെ രൂക്ഷമായി വിമർശിച്ച കോടതി, ‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല’ എന്ന നിലപാടില്‍ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഫോം 5 അപേക്ഷകളില്‍ കൃത്യമായ കാരണങ്ങളില്ലാതെ ഒരേ വാചകങ്ങള്‍ ആവർത്തിച്ച് ഉത്തരവുകള്‍ നിരസിക്കുന്നത് പതിവാണെന്നും, അപേക്ഷകള്‍ തള്ളുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
ബോണ്ട് ഒപ്പിട്ടാല്‍ വിട്ടയയ്ക്കാം; സർക്കാർ പ്ലീഡർ ഹാജരാകരുത്
കോടതിയില്‍ ഹാജരാകാമെന്ന് സമ്മതിച്ച് ബോണ്ട് ഒപ്പിട്ടു നല്‍കുകയാണെങ്കില്‍ ആർ.ഡി.ഒയെ വിട്ടയയ്ക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ ആർ.ഡി.ഒയ്ക്കായി ഗവണ്‍മെന്റ് പ്ലീഡർ ഹാജരാകരുതെന്നും, സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മുൻ ഉത്തരവ് പ്രകാരം സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ആർ.ഡി.ഒയെ ഒഴിവാക്കും.കാർഷികേതര ആവശ്യത്തിനായി, ഭൂമി ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കാനുള്ള ഫോം 5 അപേക്ഷ മതിയായ കാരണം വ്യക്തമാക്കാതെ നിരസിച്ചതിനെതിരെ സൗത്ത് ചിറ്റൂർ സ്വദേശി മനു ആന്റണി നല്‍കിയ ഹർജിയിലാണ് ഈ ഇടക്കാല ഉത്തരവ്.
സത്യവാങ്മൂലം നല്‍കിയിരുന്നു: ആർ.ഡി.ഒ
അതേസമയം, കേസ് പരിഗണിക്കുന്നതിന് തലേന്ന് തന്നെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സത്യവാങ്മൂലം സർക്കാർ അഭിഭാഷകന് നല്‍കിയിരുന്നുവെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസ് പ്രതികരിച്ചു. പിന്നെ എന്തുണ്ടായാണ് വീഴ്ച സംഭവിച്ചതെന്ന് അറിയില്ലെന്നും കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

















