കൂടലില്‍ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീഡനപരാതിയില്‍ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയില്‍.പരാതി കേട്ട ഉടൻ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
സഹപാഠികള്‍ ഉള്‍പ്പെടെ 11 പേർ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പൊലീസ് പീഡനത്തിന് ഇരയായ യുവാവിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. ഫോണില്‍ ആകെയുള്ളത് അമ്മ ഉള്‍പ്പെടെ ഉറ്റ ബന്ധുക്കളുടെ നമ്പർ മാത്രം.
വെള്ളിയാഴ്ച രാത്രി 8.15നാണ് യുവാവിനെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയത്. അതിനുമുമ്പ് ആളുമാറി ജ്യേഷ്ഠനെ പിടിച്ചെങ്കിലും വിട്ടയച്ചിരുന്നു. മാതാപിതാക്കളും അമ്മയുടെ അച്ഛനമ്മമാരും വീട്ടിലുണ്ടായിരുന്നു. എന്തിനാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞില്ല. ഹൃദയ ശസ്ത്രക്രിയ നടത്തിയതാണെന്ന് വീട്ടുകാർ പറഞ്ഞിട്ടും കേട്ടില്ല. യൂണിഫോമിലല്ലാത്ത മൂന്നു നാലുപേരും പൊലീസ് ക്വാർട്ടേഴ്സില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്ന് പുലർച്ചെ 2.45നാണ് സ്റ്റേഷനിലെത്തിച്ചത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റുചെയ്തതെന്നു പറയുന്നു. വെള്ളം പോലും ഇതിനിടയില്‍ നല്‍കിയിരുന്നില്ല.
ഭീകര പീഡനം
മൂന്നാംമുറയ്ക്കു തുല്യമായ ക്രൂര പീഡനമാണ് പൊലീസുകാരൻ ചെയ്തതെന്ന് യുവാവ് കേരളകൗമുദിയോടു പറഞ്ഞു. ഇരു ചെവികളിലും പിടിച്ച് മുകളിലേക്ക് ഉയർത്തി. അസഹ്യമായ വേദന ഉണ്ടായതോടെ അലറിക്കരഞ്ഞു. തലമുടിയില്‍ പിടിച്ച് കുനിച്ചുനിറുത്തി. ഈസമയം നെഞ്ചില്‍ വേദനയുണ്ടായി. കാലില്‍ ബൂട്ടിട്ട് ചവിട്ടിത്തിരിച്ചു. നിലത്ത് കാലുനീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടശേഷം ചൂരല്‍കൊണ്ട് കാല്‍പ്പാദത്തില്‍ പൊലീസുകാർ മാറിമാറി അടച്ചു. അസഭ്യം വിളിച്ചു. കാല്‍പ്പാദം നിലത്ത് തൊടുമ്പോഴുള്ള വേദന കാരണം നടക്കാൻ ബുദ്ധിമുട്ടുണ്ട്.
വ്യാജ പീഡന പരാതി: ഡിവൈ.എസ്.പി അന്വേഷിക്കും
പതിനൊന്നുപേർ പീഡിപ്പിച്ചെന്ന് ഒൻപതാം ക്ളാസുകാരി കൂടല്‍ പൊലീസിന് നല്‍കിയ വ്യാജ പരാതിയെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്താൻ പൊലീസ്. കോന്നി ഡിവൈ.എസ്.പി എം.എം ജോസിനാണ് അന്വേഷണച്ചുമതല. പെണ്‍കുട്ടിയുടെ മൊഴിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ആറു പേരെയും വിട്ടയച്ചിരുന്നു. മജിസ്ട്രേട്ടിനു മുന്നില്‍ പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതിനെത്തുടർന്നായിരുന്നു ഈ നടപടി. പെണ്‍കുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പാെലീസിനോട് പറയാനുണ്ടായ കാരണങ്ങള്‍, പരാതിക്കാരിയുടെ സഹപാഠിയായ പെണ്‍കുട്ടിയെ കുടുക്കാൻ ഇവർ തമ്മില്‍ എന്തെങ്കിലും മുൻ വൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും.കസ്റ്റഡിയിലെടുത്ത യുവാവിനെ മർദ്ദിച്ചെന്ന പരാതിമൂലം, എസ്.ഐയെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ഈ പരിചയം വച്ചാണ് തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്നാണ് യുവാവ് സംശയിക്കുന്നത്.പെണ്‍കുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ ഡി.ജി.പി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട എസ്.പി ആർ. ആനന്ദിനോട് ആവശ്യപ്പെട്ടു. ഇന്ന് റിപ്പോർട്ട് നല്‍കിയേക്കും.
പൊലീസ് മർദ്ദനം അന്വേഷിക്കും
പൊലീസ് കസ്റ്റഡിയില്‍ മർദ്ദിച്ചുവെന്ന പ്രതിയാക്കപ്പെട്ട യുവാവിന്റെ പരാതി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കൂടല്‍ പൊലീസിനെതിരെ യുവാവ് ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
ആത്മഹത്യ ചെയ് തേനെ
മകന് ശസ്ത്രക്രിയയ്ക്കുവേണ്ടി രണ്ടുലക്ഷത്തിലധികം രൂപ ചെലവായെന്ന് മാതാവ് പറഞ്ഞു. കുടുംബശ്രീയില്‍ നിന്നാണ് ഇത് വായ്പയെടുത്തത്. ദാരിദ്ര്യം മൂലം തുച്ഛമായവേതനത്തില്‍ അവൻ ഐസ്ക്രീം കമ്പനിയില്‍ ജോലിക്ക് പോകുന്നുണ്ട്. എന്തിനാണ് കള്ളം പറഞ്ഞതെന്ന് ആ പെണ്‍കുട്ടിയെ കണ്ട് ചോദിക്കണം. കള്ളക്കേസില്‍ മകനെ ശിക്ഷിച്ചിരുന്നെങ്കില്‍ കൂട്ട ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും അമ്മ പറഞ്ഞു.

















