ബെംഗളൂരുവിലെ ഒരു പാർക്കില്‍ വയോധികയായ സ്ത്രീ അതിവേഗം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പൊതുസ്ഥലങ്ങളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. സാരി ധരിച്ച വയോധിക പാർക്കിലെ ഔട്ട്‌ഡോർ ജിം ഉപകരണത്തില്‍ വളരെ വേഗത്തില്‍ ആടിയാടുന്ന ദൃശ്യങ്ങളാണ് വൈറലായത്.
സമീപത്തുണ്ടായിരുന്ന കുട്ടികളും മറ്റും കൗതുകത്തോടെ ഇത് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ബെംഗളൂരു സ്വദേശിയായ സന്ദീപ് പാർശ്വനാഥ്, ഇത്തരം ഉപകരണങ്ങള്‍ മേല്‍നോട്ടമില്ലാതെ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) ഓരോ വ്യായാമ ഉപകരണത്തിന് സമീപവും വ്യക്തമായ ഉപയോഗക്രമവും സുരക്ഷാ നിർദ്ദേശങ്ങളും ബോർഡുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിക്കുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിപ്രായ ഭിന്നതയാണ് ഉണ്ടാക്കിയിരിക്കുന്നത്. വയോധികയുടെ ആരോഗ്യത്തിലുള്ള താല്പര്യത്തെയും ചുറുചുറുക്കിനെയും ഒരു വിഭാഗം പ്രശംസിച്ചപ്പോള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ നിർബന്ധമാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, സർക്കാർ എല്ലാ പാർക്കുകളിലും പരിശീലകരെ നിയമിക്കാനാവില്ലെന്നും, ജനങ്ങളുടെ പൊതുബോധമാണ് പ്രധാനമെന്നും ചിലർ വാദിക്കുന്നു. വീഡിയോ കൃത്രിമമായി വേഗത കൂട്ടിയതാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. ഏതായാലും, പൊതു പാർക്കുകളില്‍ വ്യായാമ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെ ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്.

















