കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം അടിയന്തിര നിയമോപദേശം തേടി.സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരുമായാണ് കുടുംബം ചര്‍ച്ച നടത്തിയത്.

കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ എട്ടു മണിക്കൂറിലധികം നീണ്ട കടുത്ത ചോദ്യം ചെയ്യലിന് ഒടുവില്‍ വീണാ വിജയന്‍ താല്കാലികമായി മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടരും. പുറത്തിറങ്ങിയ വീണ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഉന്നയിച്ച കൃത്യമായ തെളിവുകള്‍ക്ക് മുന്നില്‍ വീണ ആകെ വിയര്‍ത്തതായാണ് വിവരം. കേന്ദ്ര ഏജന്‍സിയുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ വീണയില്‍ നിന്നും ഇ.ഡി.ക്ക് ലഭിച്ചത് വൈരുദ്ധ്യങ്ങള്‍ മാത്രമുള്ള മൊഴികളാണ്. കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളും ഡിജിറ്റല്‍ രേഖകളും മുന്‍നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ പലതിനും പരസ്പരബന്ധമില്ലാത്ത മറുപടിയാണ് ലഭിച്ചത്. ഈ രേഖകളും മൊഴികളും വിശദമായി വിശകലനം ചെയ്ത ശേഷമായിരിക്കും ഇ.ഡി.യുടെ അടുത്ത നീക്കം. ഡല്‍ഹിയിലെ ഉന്നത നേതൃത്വത്തേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. അതിന് ശേഷമാകും വീണയെ അറസ്റ്റു ചെയ്യണോ എന്ന് തീരുമാനിക്കൂ.

കരാറുകളോ സേവനങ്ങളോ നല്‍കാതെ മാസപ്പടിയായി വന്‍ തുക കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം തന്നെയെന്ന നിഗമനത്തില്‍ ഇ.ഡി. ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ വീണ ഇ.ഡി.യുടെ നിയമപരമായ ചക്രവ്യൂഹത്തില്‍ അകപ്പെട്ടതായാണ് സൂചന. ഇന്നലെ രാവിലെ 10:30-ഓടെ ഭര്‍ത്താവും മുന്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എയ്‌ക്കൊപ്പമാണ് വീണ കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായത്. ഇ.ഡി. ഓഫീസിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

നേരത്തെ ജൂണ്‍ 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി. വീണയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ എത്തിയിരുന്നില്ല. കേതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദ്ദേശം ഇ.ഡി. പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് വ്യക്തിപരമായി തന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സി പുതിയ സമന്‍സ് നല്‍കുകയായിരുന്നു.

സി.എം.ആര്‍.എല്ലില്‍ നിന്ന് എന്തിനാണ് എക്സാലോജിക് കമ്പനിക്ക് പണം ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ബാങ്ക് രേഖകളും മറ്റ് കരാര്‍ പത്രങ്ങളും സഹിതം ഹാജരാകാനാണ് വീണയോട് ഇ.ഡി. കര്‍ശനമായി ആവശ്യപ്പെട്ടിരുന്നത്. സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രധാന ചോദ്യങ്ങളെല്ലാം. കൃത്യമായ രേഖകളൊന്നും വീണ നല്‍കിയിട്ടില്ല.

ഈ കേസുമായി ബന്ധപ്പെട്ട് സി.എം.ആര്‍.എല്‍. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, ഡയറക്ടര്‍ ജയ എസ്. കര്‍ത്ത എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച ഇ.ഡി. വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെയും കരാറുകളുടെയും നിര്‍ണായകമായ രേഖകള്‍ ഇവര്‍ ഇ.ഡി.ക്ക് മുമ്പാകെ ഹാജരാക്കിയതായാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കമ്പനി അധികൃതര്‍ നല്‍കിയ മൊഴികളും രേഖകളും മുന്‍നിര്‍ത്തിയാണ് വീണയെ ഇ.ഡി. ചോദ്യം ചെയ്തത്.

ഇന്നത്തെ എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ താല്കാലികമായി മടങ്ങിയെങ്കിലും വരും ദിവസങ്ങളിലും കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് ഇ.ഡി. നല്‍കുന്ന സൂചന. വീണ നല്‍കിയ മൊഴികളും സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും തമ്മില്‍ വലിയ രീതിയിലുള്ള വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മൊഴികള്‍ വീണ്ടും ഒത്തുനോക്കേണ്ടതുണ്ട്.

സേവനങ്ങളൊന്നും നല്‍കാതെ മാസപ്പടിയായി വന്‍ തുക കൈപ്പറ്റിയെന്ന ആരോപണത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.എം.ആര്‍.എല്‍. ഉദ്യോഗസ്ഥരില്‍ നിന്നും കമ്പനിയിലെ മറ്റ് ജീവനക്കാരില്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളും ഇലക്‌ട്രോണിക് രേഖകളും വീണയ്ക്ക് മുന്നില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.

സംസ്ഥാന രാഷ്ട്രീയത്തെ വരും ദിവസങ്ങളില്‍ വന്‍ തോതില്‍ ഉലയ്ക്കാന്‍ പോകുന്ന ഒന്നായി വീണാ വിജയന്റെ ചോദ്യം ചെയ്യല്‍ മാറിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും മാസപ്പടി വിവാദം നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയനെയും മറ്റ് രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് അന്വേഷണം നേരിട്ടെത്തിയത് സി.പി.എമ്മിനും വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ എക്സാലോജിക് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്ന വഴികളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താനാണ് ഇ.ഡി. തീരുമാനം. വീണയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ് അയക്കാനും സാധ്യതയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡല്‍ഹിയിലെ പ്രമുഖ ക്രിമിനല്‍ വക്കീലന്മാരുമായി പ്രതിപക്ഷ നേതാവിന്റെ കുടുംബം ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍ ഈ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക