സിഎംആർഎല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ ടി ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കും.സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ ഇഡി വീണയില്‍ നിന്നും ചോദിച്ചറിയും. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി വീണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ സാവകാശം ചോദിക്കുകയായിരുന്നു. പിന്നാലെയാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്.
കൊച്ചിയിലെ ഇഡി ഓഫീസില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍. അതേസമയം, ഇന്നലെ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയെയും മകൻ ശരണ്‍ എസ് കര്‍ത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട വിവരങ്ങളാകും ഇഡി വീണയോട് ചോദിച്ചറിയുക. ഏത് സേവനത്തിനാണ് വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആർ എല്ലില്‍ നിന്ന് കൈപ്പറ്റിയത് എന്നാണ് ഇഡി അന്വേഷിക്കുന്നത്. കൈപ്പറ്റിയ തുക എന്തിനാണ് ചെലവഴിച്ചതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ ഒയുടെ കൈയിലുള്ള 134 രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡി യുടെ ഹർജി കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡില്‍ വീടുകളില്‍ നിന്ന് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍.
നേരത്തെ നടത്തിയ ഇഡി റെയ്‌ഡില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. അവയില്‍ ധനക്ഷ്മി ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളില്‍ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. ഈ അക്കൗണ്ടുകള്‍ വഴിയാണ് വീണയുടെ കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നത്. രണ്ട് കമ്പനികളുടെയും എല്ലാ ഇടപാടുകളുടേയും രേഖകള്‍ ഇഡിക്ക് അന്വേഷണത്തിനായി കൈമാറാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ വെച്ചായിരിക്കും വീണയെ ചോദ്യത്തെ ചെയ്യുക. റെയ്ഡിനിടെ വീണ നല്‍കിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മില്‍ പല പൊരുത്തക്കേടുകളുമുണ്ടെന്നാണ് ഇഡിയുടെ വിശദീകരണം.

















