വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി.സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തിയ അമിത് ഷാ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 130 മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് നടന്ന അമിത് ഷായുടെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചമുതല്‍ പെയ്ത അപ്രതീക്ഷിത മഴയെപ്പോലും അവഗണിച്ച്‌ നൂറുകണക്കിന് പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്നത്. മഴ കനത്തിട്ടും ആവേശം ഒട്ടും ചോരാതെ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശിയും പുഷ്പവൃഷ്ടി നടത്തിയും അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഹരിപ്പാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്കൊപ്പം തുറന്ന വാഹനത്തില്‍ നഗരം ചുറ്റിയ അമിത് ഷായ്‌ക്ക് ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും വാദ്യമേളങ്ങളും റോഡ് ഷോയ്‌ക്ക് മാറ്റുകൂട്ടി. ഹരിപ്പാട് ഗാന്ധി ചത്വരത്തില്‍ എത്തിയ കേന്ദ്രമന്ത്രിക്ക് വേലായുധ സ്വാമിയുടെ ഛായാചിത്രവും ഓടില്‍ നിര്‍മ്മിച്ച വേലും നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്. ബാരിക്കേഡുകള്‍ക്ക് അപ്പുറം നിന്ന പ്രവര്‍ത്തകരോട് റോഡ് ഷോയില്‍ പങ്കുചേരാന്‍ അദ്ദേഹം ആംഗ്യം കാട്ടിയത് അണികളില്‍ വലിയ ആവേശം പകര്‍ന്നു.

ചേപ്പാട് എന്‍ടിപിസി ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗ്ഗമാണ് ഹരിപ്പാട് ടൗണില്‍ എത്തിയത്. ഗാന്ധി ചത്വരം മുതല്‍ നഗരസഭാ ഓഫീസ് പരിസരം വരെ നീണ്ട ആവേശകരമായ റോഡ് ഷോയ്‌ക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. അവിടെ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. കേരളത്തിലെ രാഷ്‌ട്രീയ ചക്രവാളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു എന്നതിന്റെ വിളംബരമായിരുന്നു ഹരിപ്പാട് ദൃശ്യമായ ഈ ജനമുന്നേറ്റം. പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ആത്മവിശ്വാസമാണ് പകര്‍ന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക