തൃശൂര്‍ ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നോടെ മോട്ടര്‍ വാഹന വകുപ്പിന് ‘ജി ഫോം’ സമര്‍പ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകള്‍.കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യം നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതി നിലവില്‍ വന്നതിനുശേഷം വരുമാനം കുറഞ്ഞതിനെ തുടര്‍ന്നാണിത്. നിശ്ചിത കാലയളവില്‍ വാഹനം റോഡില്‍ ഓടിക്കില്ലെന്ന് മോട്ടര്‍ വാഹന വകുപ്പിനെ മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനമാണിത്. ജി ഫോം സമര്‍പ്പിക്കുന്നതിലൂടെ ബസുകളുടെ റോഡ് നികുതി ഒഴിവാക്കാന്‍ സാധിക്കും.
ക്വാര്‍ട്ടര്‍ കാലാവധിയിലാണ് ബസുകളുടെ ടാക്‌സ് അടയ്‌ക്കേണ്ടത്. ബസുകളുടെ ടാക്‌സ് അടയ്‌ക്കേണ്ട രണ്ടാമത്തെ ക്വാര്‍ട്ടര്‍ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബസുടമകള്‍ അടിയന്തരമായി ജി ഫോം നല്‍കാന്‍ തീരുമാനിച്ചതെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി എസ് പ്രദീപ് പറഞ്ഞു. തൃശൂരില്‍ നിന്ന് പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ റൂട്ടുകളിലും ചാലക്കുടിമാള, കൊടുങ്ങല്ലൂര്‍മാള, ഗുരുവായൂര്‍, എറണാകുളം തുടങ്ങിയ റൂട്ടുകളിലുമോടുന്ന സ്വകാര്യ ബസുകളാണ് പ്രധാനമായും ജി ഫോം കൊടുക്കാനൊരുങ്ങുന്നത്. പത്ത് ബസുകള്‍ ഇതിനോടകം തന്നെ ഫോം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ പല സ്വകാര്യ ബസുകള്‍ക്കും 50 ശതമാനത്തോളം കളക്ഷന്‍ കുറഞ്ഞിരിക്കുകയാണെന്നും വി എസ് പ്രദീപ് പറഞ്ഞു.
പ്രിയദര്‍ശിനി വന്നതിനുശേഷം ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകള്‍ക്കും കളക്ഷന്‍ പകുതിയായി കുറഞ്ഞിരിക്കുകയാണ്. കെഎസ്‌ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ നേരിട്ട് സര്‍വീസ് നടത്താത്ത റൂട്ടുകളില്‍ പോലും യാത്രക്കാര്‍ കണക്ഷന്‍ ബസ് ഉപയോഗിച്ച് സൗജന്യയാത്ര നടത്തുന്നത് സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിച്ചതായി ബസ്സുടമകള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജ് റൂട്ടില്‍ പ്രിയദര്‍ശിനി സര്‍വീസുകള്‍ കൂടിയതോടെ ഈ മേഖലയില്‍ ഓടിയിരുന്ന സ്വകാര്യ ബസുകള്‍ നഷ്ടത്തിലായി.
ഡീസല്‍ വില കൂടിയതും സ്വകാര്യ ബസുകള്‍ക്ക് ഇരട്ടി ആഘാതമായി. കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇന്നലെ തൃശൂര്‍-പാലക്കാട് റൂട്ടില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ ബസ് ഓടിച്ച മിക്ക ഡ്രൈവര്‍മാര്‍ക്കും കിട്ടിയത് 500 രൂപയാണ്.

















