നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടത്തിയ പരിപാടിക്കിടെയാണ് അപകടം. വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം.
പെട്രോള്‍ ഒഴിച്ചു ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.വേളാങ്കണ്ണി പോലീസ് പരിധിയിലുള്ള അഗര ഒരത്തൂർ ജംഗ്ഷനിലാണ് പ്രതിഷേധ സൂചകമായി ട്രംപിന്റെ കോലം കത്തിച്ചത്. പ്രതിഷേധത്തിനിടെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പെട്രോള്‍ കുപ്പി പിടിച്ചുവാങ്ങാൻ ശ്രമിച്ചു.
ഈ ബഹളത്തിനിടയില്‍ പെട്രോള്‍ കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ കൈലിയില്‍ തീ പടരുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകള്‍ക്കും ഇടതുകൈയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ പോലീസും പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ഒരത്തൂർ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ചികിത്സയ്ക്ക് ശേഷം ഈ മാസം 13ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.എങ്കിലും, പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് 25-ാം തീയതി വീണ്ടും ഒരത്തൂർ സർക്കാർ മെഡിക്കല്‍ കോളേജിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂർ സർക്കാർ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം അന്തരിച്ചു. സംഭവത്തില്‍ വേളാങ്കണ്ണി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

















