പൊതുസ്ഥലത്തുള്ള പോലീസുകാരുടെ പെരുമാറ്റത്തെ കുറിച്ച് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദിലെ ഒരു സ്പാ സെന്‍ററിലെ ഒരു യുവതിയോട് യൂണിഫോം ധരിച്ച പോലീസുകാരൻ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ യൂണിഫോമിലുള്ള പോലീസുകാരന്‍റെ പെരുമാറ്റത്തെക്കുറിച്ച് വലിയ പ്രതിഷേധവും ചോദ്യങ്ങളും ഉയർന്നു. ഒരു വാണിജ്യ സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു തായ് സ്പാ സെന്‍ററിന് പുറത്ത് നിന്നും ചിത്രീകരിച്ച വീഡിയോ, എക്സ് പേജിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു.
‘പോലീസുകാരന്‍റെ കരുതല്‍’
വീഡിയോയില്‍ സ്പായിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ നില്‍ക്കുന്ന യുവതിയെയും യുവതിയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയും ഒരു ട്രാഫിക് ഉദ്യോഗസ്ഥനെയും കാണാം. തങ്ങളുടെ ഡ്യൂട്ടിക്കിടെ മാറി നിന്ന് ഇരുവരും യുവതിയോടുള്ള സംഭാഷണത്തില്‍ മുഴുകി നില്‍ക്കുന്നു. ഒരാള്‍ ഹരിയാന പോലീസിന്‍റെ യൂണിഫോമിലാണെങ്കില്‍ മറ്റേയാള്‍ സുരക്ഷാ ജീവനക്കാരന്‍റെ യൂണിഫോമിലാണ്. അതേസമയം സംസാരത്തിനിടെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ അനുചിതമായി സ്പർശിക്കുന്നു. ഇയാള്‍ യുവതിയുടെ മുടി ഇഴകള്‍ മാറ്റിയിടുകയും കഴുത്തില്‍ സ്പർശിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ നിന്നുള്ള ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നലില്‍ ഇയാള്‍ പെട്ടെന്ന് പിന്നിലേക്ക് മാറുകയും യുവതിയുമായുള്ള സംഭാഷണം തുടരുകയും ചെയ്യുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെ നിരവധി പേർ ചോദ്യം ചെയ്തു. വീഡിയോ യഥാർത്ഥമാണെങ്കില്‍ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു.
‘അന്വേഷണം വേണം’
അതേസമയം വീഡിയോയുടെ ആധികാരികത ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. വീഡിയോയിലുള്ള വ്യക്തിയുടെ ഐഡന്‍റിറ്റിയും വ്യക്തമല്ല. ഒപ്പം വീഡിയോ ചിത്രീകരിച്ച സ്ഥലമോ സമയമോ വ്യക്തല്ല. എങ്കിലും വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടെയില്‍ വലിയ വിമർശനമാണ് ഉയർത്തിയത്. വീഡിയോയില്‍ കാണുന്ന വ്യക്തി യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥനാണോ അതോ വ്യാജ ഉദ്യോഗസ്ഥനാണോയെന്നത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. വൈറലായ ദൃശ്യങ്ങളെക്കുറിച്ച് ഹരിയാന പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

















