പ്രിയദർശിനി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ അനുവദിച്ച സൗജന്യ യാത്രാ ടിക്കറ്റുകള്‍ അട്ടിമറിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ നടത്തുന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്.വനിതകള്‍ക്ക് നല്‍കേണ്ട സൗജന്യ ‘സീറോ ടിക്കറ്റുകള്‍’ പുരുഷ യാത്രക്കാർക്ക് നല്‍കി ടിക്കറ്റ് തുക ജീവനക്കാർ സ്വന്തമാക്കുന്നതായാണ് വ്യാപക പരാതി ഉയർന്നിരിക്കുന്നത്. സംഭവം ഗൗരവമായി എടുത്ത കെഎസ്‌ആർടിസി മാനേജ്‌മെന്റ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ അടിയന്തര അന്വേഷണം ആരംഭിച്ചു.

പ്രിയദർശിനി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കാൻ ടിക്കറ്റ് മെഷീനില്‍ ‘പ്രിയദർശിനി ഫ്രീ ട്രാവല്‍’ എന്ന പ്രത്യേക ഓപ്ഷനുണ്ട്. ഇതുവഴിയാണ് സീറോ വാല്യൂ ടിക്കറ്റ് പ്രിന്റ് ചെയ്യുന്നത്. ഈ ടിക്കറ്റുകളുടെ തുക പിന്നീട് സർക്കാർ കെഎസ്‌ആർടിസിക്ക് സബ്‌സിഡിയായി നല്‍കുകയാണ് പതിവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരുഷ യാത്രക്കാർ ബസില്‍ കയറുമ്പോള്‍ അവരില്‍ നിന്നും സാധാരണ ടിക്കറ്റ് നിരക്ക് ജീവനക്കാർ കൃത്യമായി ഈടാക്കും. എന്നാല്‍ ടിക്കറ്റ് മെഷീനില്‍ ‘മെയില്‍’ ഓപ്ഷൻ കൊടുക്കുന്നതിന് പകരം സ്ത്രീകളുടെ സൗജന്യ ‘സീറോ ടിക്കറ്റ്’ ആണ് പ്രിന്റ് ചെയ്ത് നല്‍കുക.

ഇതോടെ യാത്രക്കാരനില്‍ നിന്ന് വാങ്ങിയ മുഴുവൻ തുകയും ജീവനക്കാരുടെ കൈകളിലെത്തും. കെഎസ്‌ആർടിസിയുടെ കണക്കുപുസ്തകത്തില്‍ ഇത് സൗജന്യ യാത്രയായി രേഖപ്പെടുത്തപ്പെടുകയും ചെയ്യും.

തട്ടിപ്പിനെക്കുറിച്ച്‌ ചില സുപ്രധാന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ മാതൃകാപരമായ കടുത്ത നടപടി സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെഎസ്‌ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി.

സംസ്ഥാനവ്യാപകമായി ഇത്തരം റൂട്ടുകളില്‍ നടക്കുന്ന വലിയ ക്രമക്കേടുകള്‍ തടയുന്നതിനായി കെഎസ്‌ആർടിസി വിജിലൻസ് വിഭാഗത്തോട് പരിശോധന കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളില്‍ വിജിലൻസ് വിഭാഗത്തിന് പുറമെ ഗതാഗത വകുപ്പിലെ ആർടിഒ പ്രത്യേക സ്ക്വാഡുകളും സംയുക്തമായി ബസുകളില്‍ മിന്നല്‍ പരിശോധനകള്‍ ഊർജ്ജിതമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക