സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തില്‍ കപ്പല്‍ നിർമ്മാണ മേഖലയില്‍ നിക്ഷേപ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നു.10000 കോടിയുടെ പ്രപ്പോസല്‍ സർക്കാരിന് നല്‍കിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പല്‍ നിർമാണ മേഖലയില്‍ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ കീഴില്‍ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്ന തലത്തില്‍ തുറമുഖ വികസനത്തിന്റെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാറിന്റെ ലക്ഷ്യം.
വികസനത്തിന് അനുയോജ്യമായ പദ്ധതികള്‍ക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്തിരുന്നു. പിന്നാലെയാണ് ടാറ്റയുടെ വാഗ്ദാനം. രൂപരേഖ സംബന്ധിച്ച് പ്രവർത്തന രീതി പുറത്തുവന്നിട്ടില്ല. ഒരുമാസത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.

















